ന്യൂഡല്‍ഹി: അവകാശപ്പെടുന്നതു പോലെ തികച്ചും നിഷ്പക്ഷമായ നിലപാടല്ല ഫെയ്‌സ് ബുക്കിന്റേതെന്ന വെളിപ്പെടുത്തലുമായി കമ്പനി മുന്‍ ഉദ്യോഗസ്ഥനായ മാര്‍ക്ക് ലക്കി. ഫെയ്‌സ് ബുക്ക് തന്നെ മുന്നോട്ടു വെച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പല സന്ദര്‍ഭത്തിലും കമ്പനി വീട്ടുവീഴ്ചയ്‌ക്കൊരുങ്ങാറുണ്ടെന്നും മാര്‍ക്ക് ലക്കി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി നിയമസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കമ്മിറ്റിയ്ക്ക് മുന്നിലായിരുന്നു ഫെയ്‌സ്ബുക്കിനെതിരെയുള്ള മാര്‍ക്കിന്റെ ആരോപണങ്ങള്‍.
സര്‍ക്കാരുമായോ രാഷ്ട്രീയ സംഘനകളുമായോ അടുത്ത ബന്ധം പുലര്‍ത്തുന്നവരെയാണ് ഫെയ്‌സ്ബുക്ക് പ്രധാന ഉദ്യോഗസ്ഥന്‍മാരായി നിയമിക്കുന്നതെന്ന് മാര്‍ക്ക് ലക്കി പറഞ്ഞതായി കമ്മിറ്റി ചെയര്‍മാനും എഎപി എംഎല്‍എയുമായ രാഘവ് ഛദ്ദ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ആഭ്യന്തരപ്രവര്‍ത്തനങ്ങളെ കുറിച്ച് നിശിതമായ വെളിപ്പെടുത്തലുകളാണ് ലക്കി നടത്തിയതെന്നും കമ്പനിയുടെ പ്രദേശികതലത്തിലും ആഗോളതലത്തിലുമുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണ ഇതിലൂടെ ലഭിച്ചുവെന്നും കമ്മിറ്റി വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ടെന്നും സാമൂഹിക മാര്‍ഗനിര്‍ദേശങ്ങളില്‍ കമ്പനി വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നത് പതിവാണെന്നും മാര്‍ക്ക് ലക്കി ആരോപിച്ചു. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ഇത്തരം ഇടപെടലുകളെ കുറിച്ച് അറിവുണ്ടെന്നും ലക്കി പറഞ്ഞു.
രാഷ്ട്രീയപരമായി ലോകത്തിന് മുന്നില്‍ നല്ല പിള്ള ചമയാനാണ് ഫെയ്‌സ്ബുക്കിന്റെ ശ്രമമെന്നും എന്നാല്‍ പുറത്ത് ഭാവിക്കുന്നതു പോലെ നിഷ്പക്ഷമല്ല കമ്പനിയുടെ പ്രവര്‍ത്തനശൈലിയെന്നും ലക്കിയുടെ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. ഫെയ്‌സ്ബുക്കിലെ ചില പോസ്റ്റുകളെ സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ലക്കിയുടെ മൊഴി കമ്മിറ്റി രേഖപ്പെടുത്തിയത്. വിഷയത്തില്‍ കമ്മിറ്റി ഇതു വരെ ആറ് സാക്ഷികളുടെ മൊഴിയെടുത്തു.
Content Highlights: Ex-Facebook Employee Made Scathing Revelations Delhi Assembly Panel