ന്യൂഡല്‍ഹി: ഒരു മുന്‍ ചീഫ് ജസ്റ്റിസ് രാജ്യസഭാ ടിക്കറ്റ് സ്വീകരിച്ച നടപടി സാധാരണക്കാരന് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ ഉലയ്ക്കുമെന്ന് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്.

രാജ്യം ഭരണഘടനാ മൂല്യങ്ങളില്‍ അടിയുറച്ചു നല്‍ക്കുന്നതിന് പ്രധാനമായും നന്ദി പറയേണ്ടത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തോടാണ്. ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസം ഉലയുമ്പോള്‍, ഒരു വിഭാഗം ന്യായാധിപര്‍ നിഷ്പക്ഷരല്ലന്ന് ജനം കരുതുമ്പോള്‍ രാജ്യത്തിന്റെ ശക്തമായ അടിത്തറയ്ക്കാണ് ഉലച്ചിലുണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തോടുള്ള കടമ നിറവേറ്റിയെന്നാണ് സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്കൊപ്പം 2018 ജനുവരി 12 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അസാമാന്യ ധൈര്യം കാട്ടിയ അദ്ദേഹം പിന്നീട് സ്വീകരിച്ച നിലപാട് തന്നെ ആശ്ചര്യപ്പെടുത്തുന്നു.

ജുഡീഷ്യറിയുടെ ശക്തമായ അടിത്തറയ്ക്ക് ഭീഷണിയുണ്ടെന്ന് രാജ്യത്തോട് പറയുന്നതിനാണ് ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ക്കൊപ്പം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത നടപടിയുമായി താന്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍, ഭീഷണി ശക്തമായിരിക്കുന്നു എന്നാണ് ഇപ്പോള്‍ തനിക്ക് തോന്നുന്നത്. തന്റെ അഭിപ്രായത്തില്‍ ഒരു മുന്‍ ചീഫ് ജസ്റ്റിസ് രാജ്യസഭാ ടിക്കറ്റ് സ്വീകരിച്ച നടപടി സാധാരണക്കാരന് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ ഉലച്ചു. ജുഡീഷ്യറിയെ പൂര്‍ണമായും സ്വതന്ത്രമാക്കാനും അതിന്റെ പരസ്പരാശ്രയത്വം ഇല്ലാതാക്കുന്നതിനുമാണ് 1993 ല്‍ കൊളീജിയം സംവിധാനം സുപ്രീം കോടതി അവതരിപ്പിച്ചതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്.

Content Highlights: Ex CJI's RS nomination has shaken the confidence of common man in Judiciary - Justice Kurian Joseph