ദിസ്പുർ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസം തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആയേക്കുമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. ശനിയാഴ്ചയാണ് കോണ്‍ഗ്രസ്സ് നേതാവ് തരുണ്‍ ഗൊഗോയ് ഇത്തരത്തിലുള്ള പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.

"മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ രഞ്ജന്‍ ഗൊഗോയുടെ പേരുണ്ടെന്നാണ് എനിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. അസം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെയാണ് ബിജെപി മുന്‍നിര്‍ത്താനൊരുങ്ങുന്നതെന്ന് ഞാന്‍ സംശയിക്കുന്നു", തരുണ്‍ ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാനാകുമെങ്കില്‍ അദ്ദേഹം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനും തയ്യാറാകുമെന്നും തരുണ്‍ ഗൊഗോയ് പരിഹസിച്ചു.

"എല്ലാം രാഷ്ട്രീയമാണ്. അയോധ്യ രാം മന്ദിര്‍ കേസിലെ ഗൊഗോയുടെ വിധി പ്രഖ്യാപനത്തില്‍ ബിജെപി സന്തുഷ്ടരായിരുന്നു. അങ്ങനെ പടിപടിയായി പതിയെ രാജ്യസഭാ സ്ഥാനാര്‍ഥിത്വവും സ്വീകരിച്ച് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം ചെയ്യുകയായിരുന്നു. എന്ത്‌കൊണ്ടാണ് അദ്ദേഹം രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കാതിരുന്നത്. മനുഷ്യാവകാശ സംഘടനയുടെ ചെയര്‍മാനാവാന്‍ അദ്ദേഹത്തിന് എളുപ്പം കഴിയുമായിരുന്നല്ലോ. അദ്ദേഹത്തിന് രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം നാമനിര്‍ദേശം സ്വീകരിച്ചത്", തരുണ്‍ ഗൊഗോയ് ആരോപിച്ചു.

content highlights: Ex Chief justice Ranjan Gogoi may be BJP’s Assam CM candidate, says Tarun Gogoi