Photo : NDTV
ലഖ്നൗ: ബിഎസ്പി മുന്‍ എംപി ദാവൂദ് അഹമ്മദിന്റെ ഉടമസ്ഥതയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഞായറാഴ്ച പൊളിച്ചു നീക്കി. ലഖ്നൗവിലെ സംരക്ഷിത കെട്ടിടസമുച്ചയമായ റസിഡന്‍സിയില്‍ നിന്ന് ചട്ടപ്രകാരം നിശ്ചിതമായ അകലം പാലിക്കാതെ നിര്‍മ്മിച്ചു എന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയിലാണ് ബഹുനിലക്കെട്ടിടം പൊളിച്ച് നീക്കിയത്.
ലഖ്നൗവിലെ നദീതീരപ്രദേശത്ത് 3,600 ചതുരശ്രഅടി വിസ്തൃതിയില്‍ 2017 ലാണ് കെട്ടിടനിര്‍മാണം ആരംഭിച്ചത്. 100 കോടി രൂപയാണ് നിര്‍മാണത്തിന്റെ മുതല്‍മുടക്കെന്നാണ് സൂചന. സംരക്ഷിത സ്മാരകങ്ങളില്‍ നിന്ന് 300 മീറ്റര്‍ പരിധിക്കുള്ളില്‍ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. റസിഡന്‍സിയില്‍ നിന്ന് 123 മീറ്റര്‍ അകലത്തിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടന്നത്.
നവാബിന്റെ സദസ്സിലെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന റസിഡന്റ് ജനറലിന്റെ വസതിയായിരുന്നു റസിഡന്‍സി. പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കെട്ടിട സമുച്ചയം ഒന്നാം സ്വാതന്ത്ര്യസമരത്തിനിടെ സമരസേനാനികള്‍ വളഞ്ഞിരുന്നു.
കെട്ടിടം പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ച് എഎസ്ഐ 2018 ല്‍ നോട്ടീസ് നല്‍കിയെങ്കിലും മുന്‍ എംപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളി. ലഖ്നൗ വികസന അതോറിറ്റി കെട്ടിടനിര്‍മാണ പ്ലാന്‍ തള്ളിയിരുന്നു. ഇതിനെതിരെയും ദാവൂദ് അഹമ്മദ് കോടതിയെ സമീപിച്ചെങ്കിലും അതും കോടതി തള്ളിക്കളഞ്ഞു.
കെട്ടിടം പൊളിച്ചു നീക്കാന്‍ സമയം നല്‍കിയെങ്കിലും അത് നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായത്. കെട്ടിടം പൊളിച്ചു നീക്കുന്നതിടെ ഒരു ഭാഗം എസ്കവേറ്ററിന്റെ മുകളിലേക്ക് അടര്‍ന്ന് വീണ് വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ വാഹനം ഏകദേശം പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
Content Highlights: Ex MP's Building Razed In UP, Rubble Falls On Driver, Rescued
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..