ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച നടത്താനിരുന്ന വോട്ടിങ് യന്ത്രം വെല്ലുവിളി (ഇ.വി.എം ചലഞ്ച്) ഭരണഘടന വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക് ചെയ്യാന്‍ അവസരമൊരുകുന്ന കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവന്‍ അംഗങ്ങളുടെയും യോഗം താത്കാലികമായി നിര്‍ത്തിവെക്കാനും ഇവിഎം ചലഞ്ചിന്റെ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്ന് തെളിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇ.വി.എം ചലഞ്ച് നടത്താന്‍ നിശ്ചയിച്ചത്. എന്‍സിപി,സിപിഎം പാര്‍ട്ടികളാണ് ഇവിഎം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നത്.
പാര്‍ട്ടികള്‍ക്ക് മെയ് 26 ന് അഞ്ചുമണിവരെയായിരുന്നു അപേക്ഷ നല്‍കാന്‍ സമയം അനുവദിച്ചിരുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ച ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല. ബി.ജെ.പി, ആര്‍.എല്‍.ഡി, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ നിരീക്ഷകരായി എത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പരിശോധനയില്‍ പങ്കെടുക്കുന്നതിനുള്ള ആര്‍.ജെ.ഡിയുടെ അപേക്ഷ സമയപരിധി അവസാനിച്ചതിനാല്‍ നിരസിക്കപ്പെട്ടു.
നിയമസഭ തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പരിശോധനക്ക് 14 മെഷീനുകള്‍ എത്തിച്ചിരിക്കുന്നത്.