ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരുമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

പട്ടേലടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പടുത്തുയര്‍ത്തിയ രാജ്യത്തെ സ്ഥാപനങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ സ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുന്നത് രാജ്യദ്രോഹപരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ബിജെപിയുടെ പ്രതീകമാക്കാനുള്ള ശ്രമത്തേയും രാഹുല്‍ വിമര്‍ശിച്ചു. മതഭ്രാന്തും വര്‍ഗീയതയും അനുവദിച്ചുനല്‍കാത്ത കോണ്‍ഗ്രസുകാരനായിരുന്നു പട്ടേല്‍. രാജ്യസ്‌നേഹിയായിരുന്ന പട്ടേല്‍ സ്വാന്ത്ര്യത്തിനുവേണ്ടിയും മതേതരത്വവും ഐക്യവുമുള്ള ഇന്ത്യക്കുവേണ്ടിയുമാണ് പോരാടിയതെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാരിന്റെ ഇടപെടുലുകളെ തുടര്‍ന്ന് സിബിഐ, റിസര്‍വ് ബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളെ  സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം. ഇന്ത്യയുടെ ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യയുടെ മഹാനായ പുത്രന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ സല്യൂട്ട് ചെയ്യുന്നുവെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.