മേഘ പാർമർ | Photo: Facebook/ Megha parmar Everester
ഭോപ്പാല്‍: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പര്‍വതാരോഹക മേഘാ പാര്‍മറിനെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി മധ്യപ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍. മേയ് ഒമ്പതിന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പിറ്റേ ദിവസം സംസ്ഥാനത്തിന്റെ ബേഠി ബച്ചാവോ, ബേഠി പഠാവോ ക്യാമ്പയിനിന്റെ അംബാസിഡര്‍ സ്ഥാനത്തുനിന്ന് അവരെ സര്‍ക്കാര്‍ നീക്കിയിരുന്നു. ബുധനാഴ്ച മേഘയെ സംസ്ഥാന ക്ഷീരസഹകരണ ഫെഡറേഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് നീക്കി.
കോണ്‍ഗ്രസില്‍ ചേര്‍ന്ന മേഘ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് മേഘാ പാര്‍മറിനെ സഹകരണ ഫെഡറേഷന്റെ സാഞ്ചി ബ്രാന്‍ഡിന്റെ അംബാസിഡറായി നിയോഗിക്കുന്നത്. ഈ കരാര്‍ മേയ് 15- ഓടെ അവസാനിച്ചെന്ന് കാണിച്ച് മേഘ പാര്‍മറിന് ഫെഡറേഷന്‍ കത്ത് നല്‍കി. മേയ് ഒമ്പതിന് മേഘ പാര്‍മര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പിറ്റേദിവസം, അവരെയടക്കം ബേഠി ബച്ചാവോ ക്യാമ്പയിനിന്റെ മുഴുവന്‍ മുന്‍ അംബാസിഡര്‍മാരേയും സ്ഥാനത്ത് നിന്ന് നീക്കിയതായി വനിതാ- ശിശു വികസന വകുപ്പ് അറിയിക്കുകയായിരുന്നു.
മൂന്ന് വര്‍ഷത്തെ കരാറായിരുന്നു താനുമായുണ്ടായിരുന്നതെന്ന് മേഘ പാര്‍മര്‍ പ്രതികരിച്ചു. സാഞ്ചി ബ്രാന്‍ഡിന്റെ പ്രചാരണത്തിനായും ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിനായും സംസ്ഥാന ക്ഷീര സഹകരണ ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജൂണില്‍ പുതിയ പരിപാടിയ തുടങ്ങാനിരിക്കെയാണ് താനുമായുള്ള കരാര്‍ റദ്ദാക്കിയത്. ഇത് താന്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതുകൊണ്ടാണോയെന്ന് മേഘാ പാര്‍മര്‍ ചോദിച്ചു.
എന്നാല്‍, കോണ്‍ഗ്രസില്‍ ചേര്‍ന്ന മേഘ പാര്‍മറിന് തങ്ങളുടെ ആശയപ്രകാരമുള്ള പദ്ധതികളുടെ ബ്രാന്‍ഡ് അംബാസിഡറായി തുടരാന്‍ എങ്ങനെ കഴിയുമെന്ന് ബി.ജെ.പി. വക്താവ് നേഹ ബഗ്ഗ ചോദിച്ചു. ഇതിനാല്‍ അവരെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ എന്താണ് തെറ്റെന്നും അവര്‍ ആരാഞ്ഞു.
28-കാരിയായ മേഘ പാര്‍മര്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹന്റെ ജില്ലയായ സിഹോര്‍ സ്വദേശിനിയാണ്. 2019-ല്‍ ഇവര്‍ എവറസ്റ്റ് കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരാണ് മേഘ പാര്‍മറിനെ ബേഠി ബച്ചാവോ ക്യാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്.
Content Highlights: Everest Climber Joins Congress, Dropped As Ambassador By Madhya Pradesh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..