ന്യൂഡല്‍ഹി: റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്‌സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്‍മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്. മോദിയുടെ പിറന്നാല്‍ ദിനത്തില്‍ മാത്രം വാക്‌സിനേഷന്‍ കുത്തനെ വര്‍ധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കുറഞ്ഞുവെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. 

മോദിയുടെ പിറന്നാള്‍ ദിനത്തിലേതിന് സമാനമായി ഉയര്‍ന്ന തോതിലുള്ള വാക്‌സിനേഷന്‍ തുടര്‍ദിവസങ്ങളിലും വേണമെന്നും ഇത്തരത്തില്‍ ഉയര്‍ന്ന വാക്‌സിനേഷനാണ് രാജ്യത്ത് വേണ്ടതെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

ഒറ്റദിവസം 2.47 കോടി ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ ചൈനയുടെ റെക്കോര്‍ഡ് പിന്തള്ളിയാണ് വെള്ളിയാഴ്ച വാക്‌സിനേഷനില്‍ ഇന്ത്യ ഒന്നാമതെത്തിയത്. രാജ്യത്തിന്റെ റെക്കോര്‍ഡ് നേട്ടം മോദിക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ട്വീറ്റ് ചെയ്തിരുന്നു. 

content highlights: Event Over, Rahul Gandhi On Vaccine Record On Modis Birthday