ഹർഷ വർധൻ | photo: PTI
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ആര്യഭടനും അരിസ്‌റ്റോട്ടിലും പോലും രാഹുലിന്റെ അറിവിന് മുന്നില്‍ തലകുനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള അജണ്ട ഇനി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഷീല്‍ഡ് വാക്സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്ന് ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു. 6 മുതല്‍ 8 ആഴ്ച വരെയായിരുന്ന ഇടവേള 12 മുതല്‍ 16 വരെ ആഴ്ചയാക്കിയതില്‍ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണു വിശദീകരണം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
'ജനങ്ങള്‍ക്കു കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ നല്‍കുന്നതു തമ്മിലുള്ള അന്തരം കൂട്ടാനുള്ള തീരുമാനം ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കി സുതാര്യമായ രീതിയിലാണ് എടുത്തത്. ഡേറ്റ വിലയിരുത്തുന്നതിന് ഇന്ത്യയ്ക്കു ശക്തമായ സംവിധാനമുണ്ട്. ഇത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്' - ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്സിനേഷനാണെന്നും അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം കൊണ്ട് രൂപപ്പെട്ട വാക്സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും താളാത്മക മുദ്രാവാക്യങ്ങളുമല്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ശാസ്ത്രസംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.
Content Highlights: 'Even Aryabhatta, Aristotle...': Harsh Vardhan's Covishield jibe at Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..