ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക അതിഥിയായി പങ്കെടുത്ത യോഗത്തിലാണ് കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. 

ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലത്ത് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ഇന്ത്യയുമുള്ള നയതന്ത്ര പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താമെന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്ക്കും ഒറ്റക്കെട്ടായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും ഉര്‍സുല പറഞ്ഞു. 

ഇന്ത്യയിലും യൂറോപ്പിലും മറ്റ് ലോകരാജ്യങ്ങളിലും കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മഹാമാരിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

പ്രതിസന്ധി കാലത്ത് യൂറോപ്യന്‍ യൂണിയന്‍ സിവില്‍ പ്രൊട്ടക്ഷന്‍ സംവിധാനത്തിലൂടെ ഇന്ത്യയ്ക്ക് നല്‍കുന്ന പിന്തുണയിലും സമയബന്ധിതമായ സഹായത്തിലും നന്ദിപറഞ്ഞുകൊണ്ട് യൂറോപ്യന്‍ യൂണിയനേയും അംഗങ്ങളേയും ഇന്ത്യ അഭിനന്ദിച്ചു. അതിനാല്‍ ഈ സഹകരണവും ഐക്യദാര്‍ഢ്യവും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തിന്റെ മുഖമുദ്രയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ആദ്യഘട്ടങ്ങളില്‍ ഇന്ത്യ പലരാജ്യങ്ങള്‍ക്കും സഹായമെത്തിച്ചുകൊണ്ട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു. സ്പാനിഷ് പ്രസിഡന്റ് പെട്രോ സാചെസ്, ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ എന്നിവരും ഇന്ത്യയുടെ മുന്‍താല സഹായങ്ങളെ ഓര്‍ത്തെടുത്തു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി യോഗത്തില്‍ പങ്കെടുത്തത്. 

content highlights: EU Leaders Pledge Support To PM Modi As Second Covid Wave Batters India