PF പെന്‍ഷന്‍ കേസ്: തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് നീതിപീഠം


കെ. ബാലകൃഷ്ണന്‍

2011-ലെ ഹൈക്കോടതിവിധിക്കെതിരേ നല്‍കിയ അപ്പീലില്‍ വിധി വരാനിരിക്കെയാണ് ഇ.പി.എഫ്.ഒ. 2014 ഓഗസ്റ്റ് അവസാനം പെന്‍ഷന്‍ പദ്ധതി ഭേദഗതിചെയ്തത്. 2016 മാര്‍ച്ചിലെയും ഒക്ടോബറിലെയും സുപ്രീംകോടതി വിധിയില്‍ത്തന്നെ ഭേദഗതി നിയമവിരുദ്ധമാണെന്ന വ്യക്തമായ സൂചനയുണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം | Mathrubhumi archives

പി.എഫ്. പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശംപോലും വെല്ലുവിളിക്കുന്ന മട്ടിലായിരുന്നു പലപ്പോഴും ഇ.പി.എഫ്.ഒ.യുടെ നിലപാട്. 2011-ലെ ഹൈക്കോടതിവിധിക്കെതിരേ നല്‍കിയ അപ്പീലില്‍ വിധി വരാനിരിക്കെയാണ് ഇ.പി.എഫ്.ഒ. 2014 ഓഗസ്റ്റ് അവസാനം പെന്‍ഷന്‍ പദ്ധതി ഭേദഗതിചെയ്തത്. 2016 മാര്‍ച്ചിലെയും ഒക്ടോബറിലെയും സുപ്രീംകോടതി വിധിയില്‍ത്തന്നെ ഭേദഗതി നിയമവിരുദ്ധമാണെന്ന വ്യക്തമായ സൂചനയുണ്ടായിരുന്നു. പെന്‍ഷന്‍ അവകാശമാണെന്നും ക്ഷേമത്തിനായി കൊണ്ടുവരുന്ന പദ്ധതിയെ ദുര്‍വ്യാഖ്യാനിച്ച് ദ്രോഹമാക്കരുതെന്നും വിധിയില്‍ എടുത്തുപറഞ്ഞതാണ്.

2014 സെപ്റ്റംബര്‍ ഒന്നിന് നിലവില്‍വന്ന ഭേദഗതി അപ്പടി റദ്ദാക്കുകയും ഓപ്ഷന്‍ നല്‍കുന്നതിന് കട്ട് ഓഫ് ഡേറ്റ് നിശ്ചയിക്കുന്നത് നിയമവിരുദ്ധമാണെന്നും പ്രഖ്യാപിച്ചുവെന്നതാണ് ഹൈക്കോടതിവിധിയുടെ കാതല്‍.നിലവിലുള്ള പെന്‍ഷന്‍ ഫണ്ടിലെ തുകയില്‍നിന്നുമാത്രം പണമെടുത്ത് നല്‍കണമെന്നല്ല ഹൈക്കോടതി നിര്‍ദേശിച്ചത്. തൊഴിലാളി പി.എഫിലേക്കടച്ച 12 ശതമാനം തുക പി.എഫ്. ഓര്‍ഗനൈസേഷന്റെ പക്കലുണ്ട്. പി.എഫിന് ബാധകമായ ശമ്പളത്തിന്റെ 8.33 ശതമാനമെന്നതോതില്‍ ബുക്ക് അഡ്ജസ്റ്റ്മെന്റ് നടത്താവുന്നതാണ്. പിരിഞ്ഞുപോയവരാണെങ്കില്‍ അവര്‍ നേരത്തേയടച്ച തുക പി.എഫിനടിസ്ഥാനമായ ആകെ ശമ്പളത്തിന്റെ 8.33 ശതമാനത്തില്‍ കുറവാണെങ്കില്‍ ബാക്കിത്തുക പലിശസഹിതം തിരിച്ചുവാങ്ങാം. ഇങ്ങനെ വരിക്കാരില്‍നിന്ന് ആനുപാതികമായ തുക ഈടാക്കിയാണ് വര്‍ധിച്ച പെന്‍ഷന്‍ നല്‍കേണ്ടത്.

വരിക്കാര്‍ നല്‍കുന്ന തുകയുടെ പലിശയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും വര്‍ധിച്ച തുക പെന്‍ഷനായി നല്‍കാന്‍ പലിശത്തുക പോരെന്നുമാണ് വാദമെങ്കില്‍ മുതല്‍ എവിടെപ്പോകുന്നുവെന്ന ചോദ്യം പ്രസക്തമാണ്.

പെന്‍ഷന്‍ ഫണ്ടിലെ അംഗം അടയ്ക്കുന്ന തുക ഒരിക്കലും തിരിച്ചുനല്‍കുന്നില്ല. പെന്‍ഷനായ ആള്‍ മരിച്ചാല്‍ ഭാര്യക്ക് (അഥവാ ഭര്‍ത്താവിന്) പെന്‍ഷന്‍ തുകയുടെ പകുതി കുടുംബപെന്‍ഷനായി നല്‍കുന്നുണ്ട്. പങ്കാളിയുംകൂടി മരിച്ചാല്‍ അന്ന് നില്‍ക്കുന്നതാണ് പെന്‍ഷന്‍. ആയിരക്കണക്കിനാളുകളുടെ പെന്‍ഷന്‍ ഫണ്ടിലെ നിക്ഷേപം ഇങ്ങനെ ഫണ്ടിന് മുതല്‍ക്കൂട്ടാകുന്നു.

എന്നാല്‍, 2008 വരെ ഇങ്ങനെയായിരുന്നില്ല. ഇ.പി.എഫ്. പെന്‍ഷന്‍ പദ്ധതിയിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കമ്യൂട്ട് ചെയ്യാമായിരുന്നു. പ്രതിമാസ പെന്‍ഷന്റെ മൂന്നിലൊന്നിന്റെ നൂറുമടങ്ങ് ആദ്യം വാങ്ങാം. പിന്നീട് മൂന്നിലൊന്ന് തുക കുറച്ച് പെന്‍ഷനും. പെന്‍ഷനായി 20 വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ തുകയുടെ 90 മടങ്ങ് തുക ഒന്നിച്ച് വാങ്ങി പദ്ധതിയില്‍നിന്നൊഴിയാനുള്ള അവകാശം.

പെന്‍ഷണര്‍ മരിച്ചാല്‍ പങ്കാളിക്ക് പെന്‍ഷന്‍ തുകയുടെ 90 മടങ്ങ് ഒന്നിച്ച് വാങ്ങാനുള്ള അവകാശം... ഇത്തരത്തിലുള്ള അവകാശങ്ങളെല്ലാം 2008-ല്‍ റദ്ദാക്കുകയായിരുന്നു.

അതിനുമേലെയാണ് 2014-ലെ ഇരുട്ടടി. പെന്‍ഷന്‍ പദ്ധതിയില്‍ ഓരോരുത്തരുടെയും വിഹിതത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ 1.16 ശതമാനംകൂടി അടയ്ക്കുന്നത് സ്റ്റാറ്റിയൂട്ടറിയായിരുന്നു. 2014-ലെ ഭേദഗതിയോടെ 15,000-ലധികം ശമ്പളമുള്ളവരുടെ കാര്യത്തില്‍ ആ 1.16 ശതമാനം, അതായത് പദ്ധതിയുടെ നിര്‍വഹണച്ചെലവ് അതത് വ്യക്തി, അഥവാ തൊഴിലുടമ അടയ്ക്കണമെന്നായി.

പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 1995-ല്‍ പി.എഫ്. പെന്‍ഷന്‍ പദ്ധതി നിലവില്‍വന്നത്. 1971 മുതലുണ്ടായിരുന്ന ഫാമിലി പെന്‍ഷന്‍ സ്‌കീം ഇല്ലാതാക്കിയാണ് അത് വന്നത്. 1952-ലെ പി.എഫ്. നിയമത്തില്‍ വിപ്ലവകരമായ മാറ്റമാണ് പി.എ. സങ്മ തൊഴില്‍മന്ത്രിയായിരിക്കെ 1995-ലുണ്ടായത്. അങ്ങനെ നിലവില്‍വന്ന പദ്ധതിയില്‍ 2008-ലും 2014-ലും പി.എഫ്. ഓര്‍ഗനൈസേഷന്‍ തന്നിഷ്ടപ്രകാരം ഭേദഗതിവരുത്തുകയായിരുന്നു.

അങ്ങേയറ്റം സന്തോഷം

ഇന്ത്യയിലെ 70 ലക്ഷം ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ വിധിയാണ് വന്നത്. ഇത്രയും പേര്‍ക്ക് മാന്യമായ പെന്‍ഷന്‍ ലഭിക്കുന്നതിന് ഞാന്‍ ഉപകരണമായതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു

-സുനില്‍കുമാര്‍, ഹര്‍ജിക്കാരന്‍, സീനിയര്‍ മാനേജര്‍, കെ.എസ്.എഫ്.ഇ. പുതിയകാവ് കരുനാഗപ്പള്ളി

നിയമപോരാട്ടത്തിന്റെ 11 വര്‍ഷങ്ങള്‍

2011: കേരള ഹൈക്കോടതിയാണ് പി.എഫ്. ഓര്‍ഗനൈസേഷന്‍ പെന്‍ഷന്‍പദ്ധതി അട്ടിമറിക്കുന്നതിനെതിരേ ആദ്യം താക്കീതുനല്‍കിയത്. വര്‍ധിച്ച ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഫണ്ട് വിഹിതം വര്‍ധിപ്പിക്കുന്നതിന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കണമെന്നും അതിനനുസൃതമായി പെന്‍ഷന്‍ കണക്കാക്കണമെന്നും ഹൈക്കോടതി വിധിച്ചു.

2014 ഒക്ടോബര്‍: ഹൈക്കോടതി വിധി?ക്കെതിരേ പി.എഫ്. ഓര്‍ഗനൈസേഷന്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

2016 മാര്‍ച്ച്: ഇ.പി.എഫ്.ഒ. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രത്യേകവിധിന്യായം രേഖപ്പെടുത്താതെ കേരള ഹൈക്കോടതിവിധി ഒറ്റവാചകത്തില്‍ ശരിവെക്കുകയായിരുന്നു, സുപ്രീംകോടതി. പിന്നീട് ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിരാകരിച്ചുകൊണ്ടാണ് ഇ.പി.എഫ്. പെന്‍ഷന്‍പദ്ധതിയെ തൊഴിലാളികള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുന്ന സുപ്രധാനമായ സുപ്രീംകോടതി വിധിയുണ്ടായത്. ഹിമാചല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ശമ്പളത്തിനാനുപാതികമായ പെന്‍ഷനാണ് ന്യായം എന്ന് വിധിയെഴുതിയപ്പോള്‍ ഇ.പി.എഫ്.ഒ. അപ്പീല്‍ നല്‍കിയത് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചതിനെതിരേ തൊഴിലാളികള്‍ സുപ്രീംകോടതിയെ സമീപിച്ചതായിരുന്നു.

2016 ഒക്ടോബര്‍ നാല്: സുപ്രീംകോടതി ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ പി.എഫ്. ഓര്‍ഗനൈസേഷന്‍ അനുകൂലവിധിയെ പൂര്‍ണമായും നിരാകരിച്ചു. തൊഴിലാളിക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ ശക്തമായ താക്കീതായിത്തീര്‍ന്ന ആ വിധിയും യഥാരൂപത്തില്‍ നടപ്പാക്കാതെ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് ആയിരക്കണക്കിന് കേസുകള്‍ പിന്നീട് വിവിധ ഹൈക്കോടതികളില്‍ വന്നത്.

2018 ഒക്ടോബര്‍ 12: 507 കേസുകളില്‍ തീര്‍പ്പുകല്പിച്ച് കേരള ഹൈക്കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. അതിനെതിരേ ഇ.പി.എഫ്.ഒ. നല്‍കിയ അപ്പീല്‍ സുപ്രീംകോടതി നിരാകരിച്ചെങ്കിലും സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി വീണ്ടും കേസെടുപ്പിക്കുകയായിരുന്നു. ഹൈക്കോടതി വിധിവന്ന് നാലുവര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ സുപ്രീംകോടതി അന്തിമവിധിപറഞ്ഞത്.

Content Highlights: EPF pension case Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented