പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി മന്ത്രാലയമൊഴിഞ്ഞ് മാനവശേഷി വികസന മന്ത്രാലയത്തിലെത്തുമ്പോഴാണ് അനില്‍ മാധവ് ദവെ എന്ന പേര് ദേശീയ രാഷ്ട്രീയം കേട്ടുതുടങ്ങിയത്.  ജാവദേക്കര്‍ എന്ന മിടുക്കനായ പരിസ്ഥിതി മന്ത്രിക്ക് പകരക്കാരനായി നരേന്ദ്ര മോദി കണ്ടെത്തിയതാണ് അനില്‍ ദവെ എന്ന മധ്യപ്രദേശുകാരനെ.

സൗമ്യ ഭാവവും സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള അചഞ്ചലമായ കൂറും മാത്രമല്ല, ദവെയെ പരിസ്ഥിതി മന്ത്രിയായി നിയോഗിച്ചതിനുള്ള കാരണങ്ങള്‍. പരിസ്ഥിതി പ്രണയം വ്യക്തിപരമായി തന്നെ കൊണ്ടുനടന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ദവെ. 

രാഷ്ട്രീയ പ്രവര്‍ത്തകരുടെ പതിവ് ബഹളങ്ങളും വാചാലതയും തീണ്ടാതെ മൃദുഭാഷിയായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ചിരുന്ന ദവെ മന്ത്രിയായ ശേഷവും വലിയ മാറ്റങ്ങളൊന്നും അണിഞ്ഞില്ല. 

നദീ സംരക്ഷണമായിരുന്നു ദവെയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര പ്രമേയം. നദിയെ ദൈവതുല്യമായി കാണുന്ന വിശ്വാസ പ്രമാണങ്ങളായിരുന്നു അതിനുള്ള ന്യായീകരണമെങ്കിലും ദവെ, രാഷ്ട്രീയക്കാരന്‍ എന്നതിലുപരി പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസത്തെയാണ് ഇഷ്ടപ്പെട്ടത്.

കേരളത്തിന്റെ പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായ ഇടപെടലാണ് അനില്‍ ദവെ നടത്തിയിരുന്നത്. ആറന്‍മുള വിമാനത്താവളം, ശബരിമലയിലെ വികസനം, മൂന്നാര്‍ കൈയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ദവെ സമയാസമയങ്ങളില്‍ ഇടപെട്ടു.

ആറന്‍മുള വിമാനത്താവള വിഷയം പ്രകാശ് ജാവദേക്കറുടെ കാലയളവിലാണ് കത്തിപ്പടര്‍ന്നതെങ്കിലും അതിന്റെ അലയൊലികള്‍ ദവെയുടെ പ്രവര്‍ത്തന കാലത്തേക്കും നീണ്ടു. വിമാനത്താവളത്തിന് അനുമതി നല്‍കില്ലെന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴൊക്കെ ദവെ ആവര്‍ത്തിച്ചു.

ശബരിമലയിലെ വികസന വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദവെ കത്തയച്ചു. ശബരിമലയില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. തിക്കിലും തിരക്കിലും പെട്ട് ദുരന്തമുണ്ടാകാതിരിക്കാന്‍ റോഡിന് വീതി കൂട്ടല്‍ ഉള്‍പ്പെടെ നടപടി വേണമെന്ന് ദവെ നിര്‍ദ്ദേശിച്ചു. എന്നാല്‍, പിന്നീട് ശബരിമലയില്‍ തിക്കിലും തിരക്കിലും കൈവരി തകര്‍ന്ന് ചെറിയ അപകടമുണ്ടായപ്പോള്‍, താന്‍ നല്‍കിയ മുന്നറിയപ്പ് അവഗണിച്ചതുകൊണ്ടാണതെന്ന് മാതൃഭൂമി പത്രത്തിനായി ഈ ലേഖകന് നല്‍കിയ അഭിമുഖത്തില്‍ ദവെ പരിഭവിക്കുകയും ചെയ്തു. 

ഏറ്റവും ഒടുവില്‍, മൂന്നാര്‍ കൈയേറ്റ വിഷയത്തിലാണ് ദവെ ഇടപെട്ടത്. ബി.ജെ.പി. സംസ്ഥാന നേതാക്കളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ദവെ ഇടപെട്ടത്. മൂന്നാറിന്റെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തണമെന്നും മൂന്നാറിനെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി സംരക്ഷിക്കണമെന്നും ദവെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയം പഠിക്കാന്‍ ഒരു കേന്ദ്രസംഘത്തെ അയക്കുമെന്നും അദ്ദേഹം പഞ്ഞു.

ന്യൂമോണിയ രോഗബാധക്കിടയിലാണ് ദവെ വിഷയം ഏറ്റെടുത്തത്. രോഗക്കിടക്കയില്‍ നിന്ന് എഴുന്നേറ്റ് വന്ന് മൂന്നാര്‍ വിഷയം പറയുന്നതിന് വേണ്ടി മാത്രം ദവെ മാധ്യമപ്രവര്‍ത്തകരെ കണ്ടു. ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും മാധ്യമ പ്രവര്‍ത്തകരുടെ ഒന്ന് രണ്ട് ആകാംക്ഷകള്‍ക്ക് ഉത്തരം നല്‍കാന്‍ ദവെ മടിച്ചില്ല. അതായിരുന്നു ദവെയുടെ ഒടുവിലത്തെ പത്രസമ്മേളനം. 

പരിസ്ഥിതി പ്രവര്‍ത്തകന്‍, പരിസ്ഥിതി മന്ത്രി- ഇതില്‍ ഏത് പ്രവര്‍ത്തന മണ്ഡലമാണ് താങ്കള്‍ക്ക് ഇഷ്ടം എന്ന് രോഗം തളര്‍ത്തും മുമ്പ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ലേഖകന്‍ ദവെയോട് ചോദിച്ചിരുന്നു. ' പരിസ്ഥിതിയും വികസനവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ് ഈ സര്‍ക്കാറിന്റെ നയം ' എന്നായിരുന്നു ദവെയുടെ മറുപടി.

ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ പ്രക്ഷോഭം നടത്തുന്ന പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയായിരുന്നു ദവെയുടെ ഒടുവിലത്തെ പൊതുപരിപാടി. ജി.എം കടുകിന് പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധസമതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ പരിസ്ഥിതി മന്ത്രാലയം അന്തിമതീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനം ബാക്കിയാക്കിയാണ് ദവെ  മടങ്ങുന്നത്.

ശബരിമല വിഷയത്തില്‍ അനില്‍ ദവെ കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്‌

LETTER