ന്യൂഡല്‍ഹി: പരസ്പര വിശ്വാസവും തീവ്രവാദ വിരുദ്ധ അന്തരീക്ഷവും സൃഷ്ടിക്കേണ്ടത് സമാധാനത്തിനുള്ള സഹകരണം വളര്‍ത്താന്‍ നിര്‍ണായകമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം വട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുള്ള ഇമ്രാന്‍ ഖാന്റെ അഭിനന്ദനങ്ങള്‍ക്ക് മറുപടി പറയവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 

ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും തമ്മില്‍ സംസാരിക്കുന്നത്. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഇമ്രാന്‍ ഖാന്‍ മോദിയെ വിളിച്ചത്‌. ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ക്ഷേമത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും ഇരു രാഷ്ട്രത്തലവന്‍മാരും പങ്കുവെച്ചു.

ഇമ്രാന്‍ ഖാന്റെ അഭിനന്ദനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. സംഭാഷണത്തില്‍ ദക്ഷിണേഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും വികസനത്തിനുമുള്ള കാഴ്ചപ്പാടുകള്‍ ഇമ്രാന്‍ ഖാന്‍ മോദിയോട് പങ്കുവെച്ചതായി പാകിസ്താന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. 

പുല്‍വാമയില്‍ സി.ആര്‍.പി.എഫ് സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാവുന്നത്. തുടര്‍ന്ന് ഇന്ത്യ പാകിസ്താനിലെ ബലാക്കോട്ടിലെ ജെയ്‌ഷെ ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തിപ്പിടിച്ച പ്രധാന വിഷയങ്ങള്‍ പുല്‍വാമയും ബലാക്കോട്ടുമായിരുന്നു.

content highlights: Environment free of violence, terrorism essential for fostering peace: PM Modi to Imran Khan