Nirmala Sitharaman | Photo: PTI
ന്യൂഡല്‍ഹി: ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളുമായി പങ്കിടുന്ന അടിസ്ഥാന എക്‌സൈസ് നികുതിയില്‍ മാറ്റംവരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, നികുതിയിളവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിന്റെ ചുമലിലാണെന്നും 1,00,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു കണക്കുകള്‍ നിരത്തിക്കൊണ്ടുള്ള ധനമന്ത്രിയുടെ വിശദീകരണം. അടിസ്ഥാന എക്‌സൈസ് തീരുവ, പ്രത്യേക അഡീഷണ്‍ എക്‌സൈസ് തീരുവ, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയെന്ന് മന്ത്രി വിശദീകരിച്ചു. ഇതില്‍ അടിസ്ഥാന എക്‌സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതും മറ്റുള്ള പങ്കുവെക്കാത്തതുമാണ്.
പെട്രോളിന് ലിറ്ററിന് കുറച്ച എട്ട് രൂപയും ഡീസലിന് കുറച്ച ആറ് രൂപയും പൂര്‍ണമായും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 2021 നവംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചതും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍ തന്നെയാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് തീരുവയില്‍ തൊട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
അതിനാല്‍ തന്നെ രണ്ട് വട്ടമായി വരുത്തിയ നികുതിയിളവിന്റെ ബാധ്യതയും കേന്ദ്രത്തിന്റെ ചുമലിലാണ്. ഇന്നലത്തെ നികുതിയിളവ് പ്രതിവര്‍ഷം 1,00,000 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കുന്നത്. കഴിഞ്ഞ നവംബറിലെ നികുതിയിളവ് 1,20,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടാക്കിയത്. ഈ രണ്ട് നികുതിയിളവിലൂടെ 2,20,000 കോടിയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
Content Highlights: Entire petrol and diesel tax cuts’ burden being borne by Centre, says Nirmala Sitharaman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..