ന്യൂഡൽഹി: ആശുപത്രി ജീവനക്കാരുടെയും നഴ്‌സുമാരുടെയും സഹകരണമുണ്ടാവുകയാണെങ്കില്‍ ഒരുമാസം കൊണ്ട് ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാകുമെന്ന് സംസ്ഥാനത്തെ പ്രതിരോധ കുത്തിവെപ്പ് ചുമതലയുള്ള ഓഫീസര്‍ സുരേഷ് സേത്ത് പറഞ്ഞു.
"കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ 600 ശീതീകരണ കേന്ദ്രങ്ങളും 1800 ഔട്ട് റീച്ച് സൈറ്റുകളും നമുക്കുണ്ട്. 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ട വാക്സിനുകള്‍ക്കും മൈനസ് 15 മുതല്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ സൂക്ഷിക്കേണ്ട വാക്‌സിനുകള്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. ഇതിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ട വാക്‌സിനുകള്‍ക്കുള്ള ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഇല്ല, എന്നാല്‍ വാക്‌സിനേഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നില്ല' അദ്ദേഹം പറഞ്ഞു.
ആശുപത്രി ജീവനക്കാരെയും നഴ്‌സുമാരെയും വാക്‌സിനേഷന്‍ ഉദ്യമത്തിനായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും എളുപ്പത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്താം. ഡല്‍ഹിയിലെ മുന്‍ഗണനാ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"വാക്‌സിന്‍ ലഭ്യമായാല്‍ വെറും മൂന്ന് ദിവസത്തിനുള്ളില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് നല്‍കാം. അതിനു അവശ്യമായ ഉപകരണങ്ങളും കോള്‍ഡ് സ്റ്റോറേജ് സ്ഥലവുമുണ്ട്, ഞങ്ങള്‍ തയ്യാറാണ്. ഡല്‍ഹിയെ വീഴാന്‍ ഞങ്ങള്‍ അനുവദിക്കില്ല,' സേത്ത് പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍കരെ മാത്രമേ തങ്ങള്‍ക്കിനി ആവശ്യമുള്ളൂവെന്ന് കോവിഡ് 19 നോഡല്‍ ഓഫീസര്‍ അജിത്ത് ജയിനും പറയുന്നു.
content highlights: Entire Delhi can be vaccinated in a month, says State Immunization Officer