കേന്ദ്രത്തിന് വീണ്ടും അന്ത്യശാസനം; ഡല്‍ഹിക്കാവശ്യമായ ഓക്‌സിജന്‍ ഉടന്‍ നല്‍കണമെന്ന് സുപ്രീം കോടതി


Supreme Court | Photo : ANI

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം ഞായറാഴ്ച അര്‍ധരാത്രിയോടെ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ ശനിയാഴ്ച പന്ത്രണ്ട് പേര്‍ ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ മാത്രം മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചായതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. അധികശേഖരം കൈവശമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തി അടിയന്തരമായി ഓക്‌സിജന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഓക്‌സിജന്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മധുകര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ നിരവധി ആശുപത്രികള്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എല്‍ എന്‍ റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച വാദം കേട്ടിരുന്നു. ശനിയാഴ്ചയും തുടര്‍ന്ന വാദത്തിന് ശേഷമാണ് നഗരത്തില്‍ ഓക്‌സിജന്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കാന്‍ കേന്ദസര്‍ക്കാരിന് നിര്‍ദേശം നല്‍കുന്ന 64 പേജടങ്ങിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ആവശ്യത്തിലധികം ഓക്‌സിജന്‍ നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഞായറാഴ്ച അര്‍ധരാത്രിയോടെ ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. 970 മെട്രിക് ടണ്‍ ഓക്‌സിജനാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 590 മെട്രിക് ടണ്ണാണ് കേന്ദ്രം ശനിയാഴ്ച അനുവദിച്ചത്. നേരത്തെ ഇത് 490 മെട്രിക് ടണ്ണായിരുന്നു. കേന്ദസര്‍ക്കാരിന് ഡല്‍ഹിയോട് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ കോടതി നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ കലഹം ഒഴിവാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് താക്കീത് നല്‍കുകയും ചെയ്തു.

വാക്‌സിന്‍ വിലയും വാക്‌സിന്റെ ലഭ്യതയും പുനഃപരിശോധിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാക്‌സിന്‍ വിലനിര്‍ണയത്തെക്കുറിച്ചുള്ള ഹര്‍ജികളും കോടതി പരിശോധിച്ചിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ദേശീയ വാക്‌സിനേഷന്‍ മാതൃക സ്വീകരിക്കണമെന്നും വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളില്‍ സ്വകാര്യനിര്‍മാതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കരുതെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

600 രൂപ നല്‍കി വാക്‌സിനെടുക്കുന്നത് ദരിദ്രജനതയ്ക്ക് സാധ്യമായ കാര്യമല്ലെന്നും കോടതി പറഞ്ഞു. രോഗികള്‍ക്ക് ആശുപത്രികളില്‍ പ്രവേശനം നല്‍കുന്ന കാര്യത്തെ സംബന്ധിച്ചുള്ള അന്തിമതീരുമാനം രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ആശുപത്രി പ്രവേശനം സംബന്ധിച്ച പുതിയ നയത്തിന് രൂപം നല്‍കുന്നത് വരെ ഒരു രോഗിക്കും ചികിത്സയോ മരുന്നോ നിഷേധിക്കപ്പെടരുതെന്നും കോടതി വ്യക്തമാക്കി.

20,000-ല്‍ അധികം കേസുകളാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാനൂറിലധികം പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. സജീവ രോഗികളുടെ എണ്ണം 96,000 കടന്നു. ദേശീയതലത്തില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു. 33.5 ലക്ഷത്തോളം സജീവ രോഗികളാണ് രാജ്യത്തുള്ളത്.

Content Highlights: Ensure Delhi Gets Oxygen Supply By Sunday Midnight Supreme Court To Centre

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented