ഉദ്യോഗസ്ഥ കുട്ടിയുടെ അമ്മയെ ശകാരിക്കുന്നു. photo: Benarasiyaa/twitter
മോദിനഗര്‍: ഉത്തര്‍പ്രദേശിലെ മോദിനഗറില്‍ പത്ത് വയസുകാരനായ വിദ്യാര്‍ഥിയുടെ മരണത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയ കുട്ടിയുടെ അമ്മയ്ക്കുനേരെ വിരല്‍ ചൂണ്ടി ആക്രോശിച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്. പോലീസ് സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥയോട് കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിക്കുന്നതിനിടെയാണ് മോദിനഗര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ശുഭാംഗി ശുക്ല കുട്ടിയുടെ അമ്മയെ ശകാരിച്ചത്.
'പല തവണ പറഞ്ഞിട്ടും എന്താണ് നിങ്ങള്‍ക്ക് മനസിലാകാത്തത്. മിണ്ടാതിരിക്കാനാണ് നിങ്ങളോട് പറഞ്ഞത്. മതി, ഇനി മിണ്ടരുത്' എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടിയുടെ അമ്മയായ നേഹ ഭരദ്വാജിനെ ഉദ്യോഗസ്ഥ ശകാരിച്ചത്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയ്ക്ക് താഴെ ഉദ്യോഗസ്ഥയ്ക്കെതിരേ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.
മോദിനഗര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം കുത്തിയിരുന്നായിരുന്നു നേഹയുടെ പ്രതിഷേധം. സ്കൂളിലെ മറ്റുചില രക്ഷിതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പത്ത് വയസുകാരനായ അനുരാഗ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാന്‍ തോന്നിയപ്പോള്‍ ജനാലയ്ക്ക് പുറത്തേക്ക് തലയിട്ടപ്പോഴായിരുന്നു അപകടം. ആ സമയത്ത് ബസ് പെട്ടെന്ന് തിരിച്ചപ്പോള്‍ കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറേയും ബസിലെ മറ്റൊരു ജീവനക്കാരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് സ്കൂള്‍ ബസ് സര്‍വീസ് നടത്തിയതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. ഡ്രൈവര്‍ക്കും മാനേജ്മെന്റിനും സ്കൂള്‍ പ്രിന്സിപ്പള്ക്കെതിരേയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ മരണം വലിയ വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗി ആതിദ്യനാഥ് പറഞ്ഞു.
Content Highlights: Enough. Shut Up: In Video, Official Shouts At Mother Of Boy Who Died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..