ന്യൂഡല്‍ഹി: ബി.ജെ.പി. ഭരണത്തിന്റെ ബലിയാടാക്കി ഇന്ത്യയെ മാറ്റരുതെന്ന്‌ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. 

കോവിഡ് വാക്‌സിന്റെ വിലനിര്‍ണയം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഹിന്ദിയില്‍ മൂന്ന് വരികള്‍ മാത്രമാണ് ട്വീറ്റിലുണ്ടായിരുന്നത്. 'ഒരു പാട് ചര്‍ച്ച ചെയ്തു കഴിഞ്ഞു. ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണം- അത്ര തന്നെ. ഇന്ത്യയെ ബി.ജെ.പി. പദ്ധതിയുടെ ബലിയാടാക്കുന്നത് നിര്‍ത്തിക്കോളൂ.' രാഹുല്‍ ആവശ്യപ്പെട്ടു. 

കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മൂന്ന് തരത്തില്‍ വില നിശ്ചയിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചത്. മേയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പൗരര്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ജനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം സൗജന്യമായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.  

Content Highlights: Enough Of Discussion,Make Covid Vaccines Free Rahul Gandhi's Ultimatum