ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അവശേഷിപ്പിച്ച രോഗമാണ് ഇംഗ്ലീഷ് ഭാഷയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് ഹിന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ഹിന്ദി ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

ഈ രോഗത്തില്‍ നിന്ന് നാമോരോരുത്തരും സ്വയം മോചിതരാകണം. 1949 സെപ്തംബര്‍ 14 ന് ഇന്ത്യയുടെ ഭരണഘടനാ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരുന്നു. അത് പൂര്‍ണമാക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന് പരിശോധിക്കണം. 

ഭാഷയും വികാരങ്ങളും ഒരേ പാതയിലാണ് സഞ്ചരിക്കുക. നിങ്ങള്‍ക്ക് ജനങ്ങളിലേക്ക് എത്തണമെങ്കില്‍.. അവരെ മനസ്സിലാക്കണം, എങ്കില്‍ മാത്രമേ നിങ്ങളുടെ വികാരങ്ങള്‍ അവരിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളു. മാതൃഭാഷയിലാണ് നിങ്ങളുടെ വികാരങ്ങള്‍ ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ കഴിയുക. അതിനാല്‍ നാം നമ്മുടെ നാടുകളില്‍ മാതൃഭാഷയില്‍ തന്നെ സംസാരിക്കണം. 

ഹിന്ദിയായിരുന്നു സ്വാതന്ത്ര്യ സമര പോരാളികളുടെ പ്രധാന ഭാഷ. രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്ക് ഹിന്ദി അറിയാമായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായിരുന്നു ഹിന്ദി. മറ്റ് ഭാഷകളില്‍ നിന്ന് ഹിന്ദിയെ ഇന്നും സ്വീകരിക്കപ്പെടുന്നതിനും കാരണം ഇത് തന്നെ. 

നമ്മുടെ ജനാധിപത്യം ശക്തിപ്പെടാന്‍ ഹിന്ദിയും പ്രാദേശിക ഭഷകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഉപയോഗിക്കപ്പെടണം. ഹിന്ദിയുടെ വളര്‍ച്ചക്ക് എല്ലാം സംസ്ഥാനങ്ങളില്‍ നിന്നും സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്. 

വിദേശികള്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ അവര്‍ അവരുടെ ഭാഷയിലാണ് സംസാരിച്ചത്. ഈ വികാരം നമുക്ക് തിരിച്ചറിയാന്‍ കഴിയണം. എല്ലാ ഇന്ത്യന്‍ ഭാഷകളും മികച്ചതാണ്. എല്ലാത്തിനും സമ്പന്നമായ സാഹിത്യവും, വാക്‌സമ്പത്തും, ഭാഷാ ശൈലിയും ഉണ്ട്. ഏത് ഭാഷയാണ് മികച്ചത് എന്ന ചര്‍ച്ചക്ക് പ്രസക്തിയില്ല. സംസ്‌കൃതമാണ് എല്ലാ ഭാഷകളുടെയും മാതാവെന്നും വെങ്കയ്യ നായിഡു ഓര്‍മ്മിപ്പിച്ചു.

content highlights: English language is a disease left behind by the British, Venkaiah Naidu