ന്യൂഡൽഹി: എന്‍ജിനിയറിങ് കോഴ്‌സ് പഠനം 11 പ്രാദേശിക ഭാഷകളില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരെയും ദളിതുകളെയും മറ്റ് പിന്നാക്കവിഭാഗങ്ങളെയും ഈ തീരുമാനം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"11 പ്രാദേശിക ഭാഷകളില്‍ എന്‍ജിനിയറിങ് കോഴ്‌സുകള്‍ വിവര്‍ത്തനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം ഞങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികളെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഇത് പ്രത്യേകിച്ചും ദരിദ്രര്‍, ദലിതര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരെ സഹായിക്കും", അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ആംഗ്യഭാഷയുടെ ആവശ്യകതയുണ്ട്. ആ അര്‍ഥത്തില്‍ ആംഗ്യഭാഷയെ പ്രത്യേക വിഷയമായി ആദ്യമായാണ് കണക്കാക്കുന്നതെന്നും ഇത് രാജ്യത്തെ ഭിന്നശേഷിക്കാരായവരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: Engineering Courses Will Be Taught In 5 Languages, Says PM Modi