ലാലു പ്രസാദ് യാദവ്, തോമസ് ഐസക്, രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് 'ആക്ഷന്‍ ഹീറോ'യായി മാറുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇ.ഡി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും രാഹുലുമുള്‍പ്പെടെ ഇ.ഡി.യുടെ അന്വേഷണവലയിലുള്ളത് പ്രതിപക്ഷപാര്‍ട്ടികളുടെ പ്രധാനപ്പെട്ട 33 നേതാക്കള്‍. അതേസമയം, എന്‍.ഡി.എ. പക്ഷത്തുനിന്ന് ഇ.ഡി.യുടെ കണ്ണില്‍പ്പെട്ടത് മൂന്നുനേതാക്കള്മാത്രം. കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, നടനും ബംഗാളിലെ ബി.ജെ.പി. നേതാവുമായ മിഥുന് ചക്രവര്‍ത്തി, ബംഗാളിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവര്‍. ഇതില്‍ മിഥുന് ചക്രവര്‍ത്തിയും സുവേന്ദു അധികാരിയും മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നു. അക്കാലത്തുള്ളതാണ് ഇവരുടെ പേരിലുള്ള ഇ.ഡി. കേസ്. രാഷ്ട്രീയക്കണ്ണോടുകൂടിയാണോ ഇ.ഡി.യുടെ അന്വേഷണങ്ങള്‍?
ഇ.ഡിക്കണ്ണിലെ പ്രതിപക്ഷം
സി.ബി.ഐ. എന്ന മൂന്നക്ഷരത്തിനുണ്ടായിരുന്ന പവറിനെ മറികടന്ന് രണ്ടക്ഷരം -ഇ.ഡി. അഥവാ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ (പി.എം.എല്‍.എ.) നിയമപ്രകാരമുള്ള അധികാരം കിട്ടിയപ്പോള്‍ ഇ.ഡി.ക്ക് ഇരട്ടിപ്പവറായി. ഈ നിയമപ്രകാരം അറസ്റ്റുചെയ്യാനും സ്വത്തുവക കണ്ടുകെട്ടാനുമുള്ള അധികാരം കഴിഞ്ഞദിവസം സുപ്രീംകോടതി ശരിവെച്ചതോടെ കരുത്ത് ഇരട്ടിച്ചു.
എന്‍ഫോഴ്സ്മെന്റിന്റെ ഇടപെടല്‍ സമീപകാലത്ത് കൂടിയെന്നതാണ് ഈയടുത്ത നാളുകളിലെ കാഴ്ച. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷത്തെ പ്രമുഖനേതാക്കളായ സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത് ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ചു. ഇങ്ങ് കേരളത്തില്‍ കിഫ്ബി മസാലബോണ്ട് വിഷയത്തില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയും ഇ.ഡി. വിളിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇ.ഡി.യെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. കൂറുമാറ്റാനും ഭരണം അട്ടിമറിക്കാനുമെക്കെ ഇ.ഡി.യെ ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. നിലവില്‍ 33 നേതാക്കള്‍ക്കെതിരേ ഇ.ഡി. അന്വേഷണം നടക്കുന്നകാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പ്രതിഷേധം.
അതോടെ ഭരണപക്ഷത്തുള്ളവര്‍ക്ക് നായകനും പ്രതിപക്ഷത്തുള്ളവര്‍ക്ക് പ്രതിനായകനുമാണ് ഇ.ഡി.യിപ്പോള്‍.
ശാരദ, നാരദ: ഇ.ഡി.യുടെ ഇരട്ടനീതി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രണ്ടുമുഖങ്ങള്‍ വെളിപ്പെടുത്തുന്ന കേസുകളാണ് ബംഗാളിലെ നാരദ, ശാരദ കേസുകള്‍. 2014-ല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ നാലുമന്ത്രിമാരും ഏഴു എം.പി.മാരും ഉള്‍പ്പെടെ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തുവന്നതാണ് നാരദ കേസ്.
അക്കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നു സുവേന്ദു അധികാരി. കേസില്‍ അദ്ദേഹത്തെ പലവട്ടം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. കഴിഞ്ഞവര്‍ഷം സുവേന്ദു തൃണമൂല്‍വിട്ട് ബി.ജെ.പി.യിലേക്ക് േേചക്കറി. ഇതിനുശേഷം ഇ.ഡി. നല്കിയ കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേരൊഴിവാക്കി.
തൃണമൂല്‍ നേതാക്കളായ ഫിര്‍ഹാദ് ഹക്കിം, മദന്‍മിത്ര, സുബ്രത മുഖര്‍ജി എന്നിവര്‍ ഇപ്പോഴും ഈ കേസില്‍ പ്രതികളാണ്.അതുപോലെത്തന്നെയാണ് ശാരദചിട്ടിത്തട്ടിപ്പുകേസും. അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മയ്ക്ക് കൈക്കൂലി നല്‍കിയതായി ആരോപിച്ച് ശാരദ ഗ്രൂപ്പ് ഉടമയും കേസിലെ മുഖ്യപ്രതിയുമായ സുദീപ്ത സെന്‍ സി.ബി.ഐ.ക്ക് കത്തയച്ചിരുന്നു.
അക്കാലത്ത് കോണ്‍ഗ്രസിലായിരുന്ന ശര്‍മ, പിന്നീട് ബി.ജെ.പി.യിലേക്ക് കൂടുമാറി. ഗുരുതര ആരോപണമുയര്‍ന്നിട്ടും ഹിമന്തയെ ഒന്ന് ചോദ്യംചെയ്യാന്േപാലും അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് തയ്യാറായില്ല. അതേസമയം, സുദീപ്ത സെന്നിന്റെ ആരോപണം നേരിട്ട തൃണമൂല്‍ നേതാക്കളുടെ പേരില്‍ കേസെടുക്കുകയുംചെയ്തു.
ഇ.ഡി കണ്ണിലെ പ്രതിപക്ഷ നേതാക്കള്‍
കോണ്‍ഗ്രസ്
സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പി. ചിദംബരം, പഞ്ചാബ് മുന്‍മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ സഹോദരന്, ഹരിയാണയിലെ പ്രതിപക്ഷനേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ, കര്‍ണാടകത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനും എം.എല്‍.എ.യുമായ ഡി.കെ. ശിവകുമാര്‍, മണിപ്പുരിലെ കോണ്‍ഗ്രസ് നേതാവ് ഒക്രം ഇബോബി സിങ്.
ശിവസേന
ഉദ്ധവ് താക്കറയുടെ വലംകൈ സഞ്ജയ് റാവുത്ത്, ഉദ്ധവ് താക്കറെയുടെ മരുമകന് അനില്‍ പരബ്, ആനന്ദറാവു.
എന്‍സിപി
ശരത് പവാര്‍, അജിത് പവാര്‍, നവാജ് മാലിക്, അനില്‍ ദേശ്മുഖ്, ഛഗന്‍ ഭുജ്ബല്‍, ഏക്നാഥ് ഖഡ്സെ.
തൃണമൂല്‍ കോണ്‍ഗ്രസ്
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകന് അഭിഷേക് ബാനര്‍ജി, മദന്‍ മിത്ര, ഫിര്‍ഹാദ് ഹക്കിം, കുനാല്‍ ഘോഷ്, സൗഗത റോയി.
ആം ആദ്മി പാര്‍ട്ടി
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്
ടി.ആര്.എസ്.
ലോക്സഭാംഗവും പ്രധാനനേതാവുമായ നാമ നാഗേശ്വര്‍ റാവു
ആര്.ജെ.ഡി.
ലാലുപ്രസാദ് യാദവ്, മകനും ബിഹാറിലെ പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ്, മകളും രാജ്യസഭാംഗവുമായ മിസ ഭാരതി.
നാഷണല്‍ കോണ്‍ഫറന്‍സ്
ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി
ഫറൂഖ് അബ്ദുള്ള
സി.പി.എം.
കിഫ്ബി മസാലബോണ്ട് വിഷയത്തില്‍ മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്, മയക്കുമരുന്ന് ഇടപാടു കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..