മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിനേയും സിബിഐയേയും അതിര്‍ത്തിയിലേക്ക് അയച്ച് തീവ്രവാദികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ശിവസേന. ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ കര്‍ഷകമാര്‍ച്ചിനെതിരെ നടന്ന പോലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിക്കെതിരെ ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ വിമര്‍ശനമുയര്‍ത്തിയത്. വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളിലെ കടുത്ത ശീതക്കാറ്റിനിടയിലും കര്‍ഷകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചത് ക്രൂരമാണെന്നും സാമ്‌ന പറയുന്നു. 

ഗുജറാത്തില്‍ മോദിയും, ഷായും ചേര്‍ന്ന് അനാച്ഛാദനം ചെയ്ത കൂറ്റന്‍ പ്രതിമ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേതാണ്, ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹം കര്‍ഷകര്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധം നയിച്ചയാളാണ്. നിങ്ങള്‍ കര്‍ഷകരോട് ചെയ്യുന്നത് കണ്ട് അദ്ദേഹത്തിന്റെ പ്രതിമ പോലും വിലപിക്കുന്നുണ്ടാവുമെന്ന് സാമ്‌ന പറയുന്നു. 

"പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രഏജന്‍സികള്‍ ലക്ഷ്യമിടുന്നുവെന്നും സാമ്‌ന പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റിനേയും സിബിഐയേയും ഉപയോഗിച്ച് പ്രതിപക്ഷത്തെ അടക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ഏജന്‍സികള്‍ക്ക് അവരുടെ സാമര്‍ഥ്യം തെളിയിക്കാനുള്ള അവസരം കൊടുക്കണം. പ്രതിഷേധിക്കുന്ന കര്‍ഷകരെ നിങ്ങള്‍ തീവ്രവാദികളെന്ന് വിളിക്കുമ്പോള്‍ യഥാര്‍ഥ തീവ്രവാദികള്‍ കശ്മീര്‍ അതിര്‍ത്തിയിലേക്കെത്തുകയാണ്. എപ്പോഴും ബുള്ളറ്റുകള്‍ ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ ഈ കേന്ദ്ര ഏജന്‍സികളെ നിങ്ങള്‍ അതിര്‍ത്തിയിലേക്കയക്കുക, അല്ലാതെ വേറെ മാര്‍ഗമില്ല." 

രാജ്യത്തിന്റെ അന്തരീക്ഷം തകര്‍ക്കല്‍ മാത്രമല്ല സ്വേഛാധിപത്വം കൂടിയാണ് ബിജെപി ക്ഷണിച്ചുവരുത്തുന്നത്. ഖലിസ്ഥാന്‍ വിഷയം വീണ്ടും ഉയര്‍ത്തി പഞ്ചാബില്‍ രാഷ്ട്രയം കളിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് കത്തിപ്പടര്‍ന്നാല്‍ രാജ്യത്തിന് ഒന്നടങ്കം വിനാശകരമാവും, ശിവസേന എംഎല്‍എക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണം അനാവശ്യമായിരുന്നുവെന്നും സാമ്‌ന പറയുന്നുണ്ട്.  

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന് ഖലിസ്താന്‍ ബന്ധമുണ്ടെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ആരോപിച്ചിരുന്നു. പ്രതിഷേധക്കാര്‍ സിഖ് അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഇതിനെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. 

Content Highlights: Enforcement Directorate, CBI Should Be Sent To Borders Sena's Attack On Centre