ന്യൂഡല്‍ഹി: ഗാസിപുരിലെ സമരക്കാരെ ഇന്ന് തന്നെ ഒഴിപ്പിക്കാനൊരുങ്ങി യു.പി. സര്‍ക്കാര്‍. 15 മിനിറ്റിനുള്ളില്‍ സമരകേന്ദ്രം ഒഴിയണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളി. ഗുണ്ടായിസം നടക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

നേരത്തെ കര്‍ഷക സമരകേന്ദ്രം ഒഴിപ്പിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യു.പി സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. പ്രദേശത്ത് കൂടുതല്‍ പോലീസിനേയും അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്. സമരവേദിക്ക് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പോലീസ് നീക്കി.

ഇതിനിടയില്‍ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് കീഴടങ്ങിയേക്കും. അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കര്‍ഷകര്‍ക്കെതിരേ 22 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനാണ് കേസുകളേറെയും. 

നേരത്തെ ഡല്‍ഹി അതിര്‍ത്തിയായ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ഒരുവിഭാഗം നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ദേശീയപതാകയുമേന്തി നാട്ടുകാര്‍ സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ്  ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായെത്തിയത്. ഇവര്‍ സിംഘു അതിര്‍ത്തിയിലെ നാട്ടുകാരാണെന്നാണ് അവകാശപ്പെട്ടത്. 

സമരഭൂമിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നേരത്തെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

Content Highlights: End Protest, Vacate Roads, UP Tells Farmers At Delhi Border