5000 രൂപ കടത്തില്‍ നിന്ന്‌ 40,000 കോടിയുടെ സാമ്രാജ്യം; ആകാശ എയറും യാഥാര്‍ഥ്യമാക്കി മടക്കം


.

റിസ്‌ക്കെടുക്കാനുള്ള ധൈര്യവും ഭാഗ്യവും ഒപ്പംനിന്നതോടെ ഓഹരി വിപണിയിലൂടെ മാത്രം ശതകോടീശ്വരനായി മാറിയ, ഇന്ത്യയുടെ വാരന്‍ ബഫറ്റായി അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല വിടവാങ്ങി. ഓഹരി വിപണിയില്‍ നിന്ന് ഉണ്ടാക്കിയ സമ്പാദ്യവുമായി ആകാശ സ്വപ്‌നം പൂവണിഞ്ഞ മുഹൂര്‍ത്തത്തിലാണ് അപ്രതീക്ഷിത വിടവാങ്ങല്‍. ജുന്‍ജുന്‍വാല സ്ഥാപിച്ച അകാശ എയര്‍ വിമാന കമ്പനി ആഗസ്റ്റ് ഏഴിനാണ് പറന്നുതുടങ്ങിയത്. ആ സ്വപ്‌നവും സഫലമായി കൃത്യം ഒരാഴ്ച തികയുമ്പോഴാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്‌.

കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയതാണ് രാകേഷ് ജുന്‍ജുന്‍വാല. 1985-ല്‍ സഹോദരന്റെ സുഹൃത്ത് കടമായി നല്‍കിയ 5000 രൂപയുമായി ഷെയര്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് കേവലം 25 വയസ്സായിരുന്നു പ്രായം. ഫോര്‍ബ്‌സ് മാസികയുടെ പട്ടിക നോക്കിയാല്‍ ഇന്ത്യയിലെ 36-ാമത്തെ ധനികനാണ് ജുന്‍ജുന്‍വാല. മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 26,000 കോടിയോളമാണ്. ആസ്തി 42,000 കോടിക്ക് മേലെയും.

സെന്‍സെക്‌സ് കേവലം 150 പോയന്റില്‍ ട്രേഡ് ചെയ്യുന്ന കാലത്താണ് അദ്ദേഹം ഓഹരി കമ്പോളത്തിലിറങ്ങിയത്. സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടേയും കുതിപ്പിനൊപ്പം രാകേഷ് ജുന്‍ജുന്‍വാലയും കുതിച്ചു. ബാങ്കിലിട്ടാല്‍ 10 ശതമാനം പലിശ കിട്ടുന്ന കാലത്ത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് 5000 രൂപ കടം വാങ്ങിയത്. ആദ്യം വാങ്ങിയത് ടാറ്റ ടീയുടെ ഓഹരി. 43 രൂപയ്ക്ക് വാങ്ങിയ ഓഹരി മൂന്നു മാസം കൊണ്ട് 143 രൂപയായി. അരങ്ങേറ്റത്തില്‍ തന്നെ മൂന്നിരട്ടി ലാഭം. പറഞ്ഞ വാക്ക് അദ്ദേഹം കൃത്യമായി പാലിച്ചു. കടം വാങ്ങിയ പണം പലിശ സഹിതം തിരിച്ചുകൊടുത്തു. പിന്നെയും കടം വാങ്ങി. അഞ്ച് ലക്ഷം. വാങ്ങിയ ഓഹരികള്‍ കുതിച്ചുകയറി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജുന്‍ജുന്‍വാല വാങ്ങുന്ന ഓഹരികളേതെന്ന് നോക്കി വാങ്ങാന്‍ പിന്നെ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി. ആ വിശ്വാസം പലപ്പോഴും ജുന്‍ജുന്‍വാലയെ ലാഭത്തില്‍ നിന്ന് വന്‍ ലാഭത്തിലേക്ക് നയിച്ചു. നല്ല ഓഹരികള്‍ നോക്കി വാങ്ങുന്ന ജുന്‍ജുന്‍വാല വിജയമന്ത്രം അദ്ദേഹത്തെ കോടീശ്വരനാക്കി. മരിക്കുമ്പോള്‍ 37 ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്. ചെലവുകുറഞ്ഞ വിമാനയാത്ര വാഗ്ദാനം ചെയ്താണ് അദ്ദേഹം വിമാന കമ്പനി സ്ഥാപിച്ചതും അത് പറന്നുതുടങ്ങിയതും.

തന്റെയും ഭാര്യ രേഖയുടെയും പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്ത് Rare എന്റര്‍പ്രൈസസ് തുടങ്ങി. മികച്ച ഷെയര്‍ ട്രേഡിങ് കമ്പനിയായി അത് വളര്‍ന്നു. ജുന്‍ജുന്‍വാലയ്ക്ക് ഓഹരിയിലൂടെ ഏറ്റവും ലാഭംനല്‍കിയത് ടൈറ്റന്‍ കമ്പനിയാണ്. 20 വര്‍ഷം മുമ്പ് മൂന്നു രൂപ മുതല്‍ അഞ്ച് രൂപവരെ വിലയുണ്ടായിരുന്നപ്പോള്‍ ടൈറ്റന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങി. അദ്ദേഹത്തിനും ഭാര്യയ്ക്കുമായി ഉള്ളത് 4,48,50,970 ടൈറ്റന്‍ ഓഹരികളാണ്. അതായത് രണ്ടുപേരുടെയും ടൈറ്റനിലെ ഓഹരി പങ്കാളിത്തം 3.98 ശതമാനമാണ്. കമ്പനിയുടെ ഒരു ഓഹരിയുടെ ഇപ്പോഴത്തെ വില 2470 രൂപയാണ്.

ഓഹരിവിപണിയില്‍ ജുന്‍ജുന്‍വാലയ്ക്ക് കണക്കുകൂട്ടല്‍ പിഴച്ച കഥയുമുണ്ട്. 2005 -ല്‍ കൈവശമുണ്ടായിരുന്ന ക്രിസിലിന്റെ ഓഹരികള്‍ വിറ്റ് കിട്ടിയ 27 കോടി കൊണ്ട് മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങി. അതിന്റെ മതിപ്പ് വില ഇന്ന് ഏകദേശം 80 കോടിക്ക് അടുത്താണ്. എന്നാല്‍ ക്രിസിലിന്റെ വില കുത്തനെ കയറി. ആ 27 കോടിയുടെ ക്രിസില്‍ ഓഹരികളുടെ മൂല്യം 800 കോടിയോളമായി വര്‍ധിച്ചു. അന്ന് അത് വിറ്റത് തെറ്റായ തീരുമാനമായിപ്പോയി. പക്ഷേ, അതിനെ പഴിച്ചിട്ട് കാര്യമില്ല. പിഴവിനെ പിഴവായി അംഗീകരിക്കുക. അത് അംഗീകരിച്ചാല്‍ മാത്രമേ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കൂ, എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞത്.

ഓഹരിയില്‍ നിന്ന് പണമുണ്ടാക്കാന്‍ രണ്ട് രീതിയുണ്ടെന്നാണ് അദ്ദേഹം പറയാറ്. ഒന്ന് ദീര്‍ഘകാല നിക്ഷേപമായി കാണുക. മറ്റൊന്ന് ട്രേഡിങ്ങായും. ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ ഹര്‍ഷദ് മേത്ത കുംഭകോണ കാലത്ത് അദ്ദേഹം ബുദ്ധിപരമായി നീങ്ങി. ബെയര്‍ കാര്‍ട്ടലിന്റെ ഭാഗമായി ഷോര്‍ട്ട് സെല്ലിങ്ങിലേക്ക് തിരിഞ്ഞു. തുടര്‍ച്ചയായി ലാഭമെടുത്തു. വിലയിടിഞ്ഞപ്പോള്‍ വാങ്ങിക്കൂട്ടി. തകരുന്ന വിപണിയില്‍ നിന്ന് എങ്ങനെ പണമുണ്ടാം എന്ന് അദ്ദേഹം തെളിയിച്ചു. ഹര്‍ഷദ് മേത്ത കുംഭകോണത്തെ തുടര്‍ന്നുള്ള അന്നത്തെ തകര്‍ച്ച ഒരു മാസം കൂടി തുടര്‍ന്നിരുന്നെങ്കില്‍ പാപ്പരായേനെ എന്നും അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. മൂന്നു സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നിര്‍മ്മാണ പങ്കാളിയായ 'ഇംഗ്ലീഷ് വിംഗ്ലീഷാ'യിരുന്നു. ഹംഗാമ ഡിജിറ്റല്‍ മീഡിയയുടെ ചെയര്‍മാനായിരുന്നു.

രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായതിനാലാണ് പേരിനൊപ്പം അദ്ദേഹം സ്ഥലനാമവും ഒപ്പം കൂട്ടിയത്. വിമാനകമ്പനികള്‍ പലതും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ വിമാന കമ്പനികളുടെ ചരിത്രം നില്‍ക്കുമ്പോഴാണ് അദ്ദേഹം ആകാശ എയര്‍ പ്രഖ്യാപിച്ചത്. 40 ശതമാനം ഓഹരി പങ്കാളിത്തമാണ് വിമാനകമ്പനിയില്‍ ജുന്‍ജുന്‍വാലയ്ക്ക് ഉള്ളത്. ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷിനേയും (10 ശതമാനം) ജെറ്റിന്റെ പഴയ സി.ഇ.ഒ വിജയ് ദുബെയും കൂട്ടിയാണ് അദ്ദേഹം കമ്പനി സ്ഥാപിച്ചത്.

ബോയിങ്ങ് 737 മാക്‌സ് ഫ്‌ളൈറ്റിന്റെ 72 വിമാനങ്ങള്‍ക്കാണ് കമ്പനി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്. 900 കോടിയാണ് ഇതിന്റെ ബജറ്റ്. ടു ടയര്‍ ത്രീ ടയര്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ചെലവുകുറഞ്ഞ വിമാന യാത്രയാണ് അകാശ ലക്ഷ്യമിട്ടത്. പറന്ന് തുടങ്ങിയ ആദ്യ ദിവസം മുതല്‍ ലാഭത്തിലായ റയാന്‍ എയറിന്റെ വിജയചരിത്രമാണ് അദ്ദേഹം മാതൃകയായി ഉയര്‍ത്തിക്കാട്ടിയത്. നിങ്ങളുടെ ആകാശം. its your sky എന്നാണ് കമ്പനിയുടെ ടാഗ് ലൈന്‍. 60 വയസ്സ് തികഞ്ഞ ഘട്ടത്തില്‍ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. തന്റെ സ്വത്തിന്റെ 25 ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചു. നവി മുംബൈയില്‍ കണ്ണാശുപത്രി സ്ഥാപിക്കുകയും 15,000 പേര്‍ക്ക് നേത്രശസ്ത്രക്രിയ സൗജന്യമായി നടത്തുകയും ചെയ്തതായിരുന്നു അതില്‍ ഏറ്റവും പ്രധാനം. അതോടൊപ്പം പല ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തി.

ഷെയര്‍ ട്രേഡിങ്ങിലേക്ക് കടക്കുന്ന ആളുകള്‍ കൂടുന്നു. വലിയ ആവേശം പകരുന്ന ചൂതാട്ടമാണ്. പക്ഷേ, അതിലിറങ്ങി കളിച്ച 99 ശതമാനം പേര്‍ക്കും കാശ് പോയി എന്ന സത്യം ഓര്‍ക്കണമെന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് മാത്രം തന്റെ സമ്പാദ്യത്തിന്റെ 98 ശതമാനവും ഉണ്ടാക്കിയ ഒരാളാണ് ഇത് പറഞ്ഞത്. ആകാശ എയര്‍ പറക്കാന്‍ ഒരുങ്ങവേ അദ്ദേഹം എന്തുകൊണ്ട് വിമാനകമ്പനി തുടങ്ങുന്നു എന്ന് ഒരുപാട് പേര്‍ ചോദിച്ചു. 'എനിക്ക് പറയാനുള്ളത്, പരാജയം നേരിടാന്‍ ഞാന്‍ തയ്യാറാണ് എന്നാണ്. ശ്രമിച്ച് പരാജയപ്പെടുന്നത് ശ്രമിക്കാതിരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ..' വിമാന കമ്പനിയുടെ ഭാവി അറിയാന്‍ കാത്തുനില്‍ക്കാതെ അദ്ദേഹം വിടവാങ്ങി. ഇന്ത്യന്‍ ഓഹരി രാജാവ്‌, ബിഗ് ബുള്ളിന് വിട.

Content Highlights: Rakesh Jhunjhunwala, big bull, share market, sensex, nifty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented