ലഖ്‌നൗ: വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച ഫോണ്‍ സംഭാഷണം പുറത്തായതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡുചെയ്തു. മുന്‍ ബ്ലോക് പ്രമുഖ് ലേഖ്‌രാജ് സിങ് യാദവും മൗന്‍ റാണിപുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനീത് കുമാര്‍ സിങ്ങും തമ്മിലുള്ളതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്.

മുന്‍ ബ്ലോക്ക് പ്രമുഖ് ലേഖ്‌രാജ് സിങ്ങിനെതിരെ 70 ഓളം കേസുകളാണ് ഉള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കമുള്ള മിക്ക കേസുകളിലും ജാമ്യം ലഭിച്ചിരുന്നു.

ലേഖ്‌രാജ് സിങ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്നും രക്ഷപ്പെടണമെങ്കില്‍ പ്രാദേശിക ബി.ജെ.പി നേതാക്കളെ കാണണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ എന്ന് കരുതുന്നയാള്‍ പറയുന്നത് ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണമാണ് പുറത്തായത്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ നിരീക്ഷണത്തിലാണെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഫോണ്‍ സംഭാഷണത്തിലുണ്ട്. പ്രാദേശിക ബി.ജെ.പി നേതാക്കളെ കണ്ടില്ലെങ്കില്‍ എന്തും സംഭവിക്കാമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് ആരോപണം.

പ്രാദേശിക രാഷ്ട്രീയ നേതാക്കളും പോലീസും ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് പദ്ധതിയിടുന്നുവെന്ന ആരോപണം യു.പി ഡി.ജി.പി ഒ.പി സിങ് നിഷേധിച്ചു. പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും സംഭവത്തെപ്പറ്റി അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫോണ്‍ സംഭാഷണം നടന്നതെന്നും അന്ന് വൈകീട്ടുതന്നെ പോലീസ് തന്നെ തേടിയെത്തിയെന്നും ലേഖ്‌രാജ് യാദവ് പറയുന്നു. ഇതേത്തുടര്‍ന്നാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടതെന്നാണ് യാദവ് അവകാശപ്പെടുന്നത്. ഓഡിയോ ക്ലിപ്പ് ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

UP