ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട മൂന്നുപേരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ച രാവിലെയാണ് കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കശ്മീര്‍ പോലീസും ദൗത്യത്തില്‍ പങ്കാളികളായി. 

മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സേനയ്ക്ക് നേരേ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്നുപേരെയും വധിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഭീകരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനപോര സ്വദേശി ആദില്‍ ഷേഖ്, ഊര്‍പോര സ്വദേശി വാസിം വാനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 2018-ല്‍ പിഡിപി എംഎല്‍എ അജാജ് മിറിന്റെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ് ആദില്‍ ഷേഖ്. 

Content Highlights: encounter in kashmir; three terrorists killed by security force