ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ജവാന്മാര്‍ക്ക് പുറമേ രണ്ട് ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ വെടിവെപ്പുണ്ടായെന്നും ഭീകരര്‍ കൊല്ലപ്പെട്ടോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കഴിഞ്ഞദിവസം രണ്ട് ഭീകരരെ സൈന്യം വധിച്ച പ്രദേശത്താണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച മുതല്‍ ഹന്ദ്വാരയില്‍ ഭീകരരെ കണ്ടെത്താന്‍ സുരക്ഷാസേനയും പോലീസും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. 

Content Highlights: encounter in jammu kashmir, four security personnel and one civilian killed