ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മില്ലേനിയം ഡിപ്പോയ്ക്കു സമീപം പോലീസും ഗുണ്ടാത്തലവന്‍ നീരജ് ഭാന്‍ജയുടെ സംഘവും തമ്മില്‍ ഏറ്റുമുട്ടി. നീരജിന്റെ സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിലെ പ്രതിയുമായ സദ്ദാം ഹുസൈനെ പോലീസ് പിടികൂടി.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സരായി കാലെ ഖാന്‍ മേഖലയിലായിരുന്നു സംഭവം. സദ്ദാം ഹുസൈന്‍ ഇതുവഴി പോകുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് നീക്കം.

ഏറ്റുമുട്ടലില്‍ സദ്ദാമിന് കാലില്‍ വെടിയേറ്റു. ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12ല്‍ അധികം കേസുകളിലെ പ്രതിയാണ്സദ്ദാം. അഞ്ചുവര്‍ഷം ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ട്രാന്‍സ്- യമുന മേഖലയില്‍ ഈയടുത്ത് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജൂലായ് 28നും പോലീസും കള്ളന്മാരുടെ സംഘവുമായി ഇവിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

content highlights: Encounter in between police and criminal gang in New Delhi