മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ റോഡില്‍ ഒട്ടിച്ച നിലയില്‍. തെക്കന്‍ മുംബൈയിലെ തിരക്കേറിയ റോഡിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. ഇവ പിന്നീട് പോലീസ് നീക്കം ചെയ്തു. 

ഭെണ്ടി ബസാര്‍ പ്രദേശത്ത് റോഡില്‍ മാക്രോണിന്റെ ചിത്രങ്ങള്‍ കണ്ടതായി കാല്‍നട യാത്രക്കാരും ഇരുചക്ര വാഹനയാത്രികരും പറഞ്ഞു. ജെജെ ഫ്‌ളൈ ഓവറിന് കീഴിലുള്ള മുഹമ്മദ് അലി റോഡില്‍ ചിത്രങ്ങള്‍ കണ്ടതായി അധികൃതരും സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ വാഹനങ്ങള്‍ ചിത്രങ്ങള്‍ക്ക് മുന്നിലൂടെ കടന്നു പോകുന്നത് കാണാം. 

മുംബൈ പോലീസ് വക്താവ് സംഭവം സ്ഥിരീകരിച്ചു.  വിവരം ലഭിച്ചതിനേ തുടര്‍ന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തുവെന്നും പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. 

Content Highlights: Emmanuel Macron's Posters Pasted On Busy Mumbai Road, Cops Remove Them