ന്യൂഡല്‍ഹി: അടിയന്തരാവസ്ഥാ കാലഘട്ടം രാജ്യത്തിന്റെ കറുത്ത ദിനങ്ങളായിരുന്നെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ത്യക്കാര്‍ ജനാധിപത്യത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് രാജ്യത്തിന്റെ ശക്തിയെന്നും ജനാധിപത്യം ശക്തമാക്കുന്നതിനായിരിക്കണം നമ്മുടെ ശ്രമമെന്നും മോദി വ്യക്തമാക്കി.

മന്‍ കി ബാത് നിരന്തരമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇത് സാധ്യമാകുന്നത് ജനാധിപത്യം നിലനില്‍ക്കുന്നതുകൊണ്ടാണെന്ന് മോദി പറഞ്ഞു. ഇന്ന് നാം ജനാധിപത്യത്തില്‍ അഭിമാനം കൊള്ളുന്നു. എന്നാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975 ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട ദിനമായിരുന്നു. പൗരാവകാശം ഉന്‍മൂലനം ചെയ്യപ്പടുകയും രാജ്യം ജയിലലിടയ്ക്കപ്പെടുകയും ചെയ്ത ദിനമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് ഈ മാസം 30നുള്ളില്‍ അത് വെളിപ്പെടുത്താമെന്നും അവര്‍ക്ക് ശിക്ഷാ നടപടികളില്‍ ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുവദിച്ച സമയത്തിനുള്ളില്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ സ്വത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാവില്ല. സുതാര്യമായ വ്യവസ്ഥയുടെ ഭാഗമാകുന്നതിനുള്ള അവസാന അവസരമാണിതെന്നും മോദി പറഞ്ഞു.

ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്നതിന് യോഗയ്ക്ക് കഴിയും. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ രാജ്യത്ത് ഒരു ലക്ഷത്തിലേറെ ഇടങ്ങളില്‍ യോഗാ ദിനാചരണം നടന്നതായും മോദി തന്റെ 21ാം മന്‍കി ബാതില്‍ പറഞ്ഞു. 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആര്‍ഒയ്ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.