ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രത്യേക ദൗത്യ സേനകള്‍ ഇനി കൂടുതല്‍ കരുത്തരും നിമിഷ നേരംകൊണ്ട് ശത്രുക്കള്‍ക്ക് മേല്‍ മാരകമായ ആക്രമണങ്ങള്‍ നടത്തുന്നവരുമായി തീരും. കരസേനയുടെ ഭാഗമായ പാരാ, നാവികസേനയുടെ മാര്‍കോസ്, വ്യോമസേനയുടെ ഗരുഡ് എന്നീ കമാന്‍ഡോകള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. 

ദീര്‍ഘദൂര സ്നിപ്പര്‍ റൈഫിളുകള്‍, കൈയില്‍ കൊണ്ടുനടക്കാവുന്ന ടാങ്ക് വേധ ആയുധങ്ങള്‍, ഹൈസ്പീഡ് അണ്ടര്‍വാട്ടര്‍ സ്‌കൂട്ടറുകള്‍, കൈയില്‍ നിന്ന് തൊടുക്കാവുന്ന ഡ്രോണുകള്‍ തുടങ്ങി വൈവിധ്യവും മാരകവുമായ ആയുധങ്ങളാണ് കമാന്‍ഡോകള്‍ക്കായി വാങ്ങാനൊരുങ്ങുന്നത്. ഇതിനായി ശതകോടികളുടെ കരാറാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കുന്നത്. 

ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ഇറ്റലി, റഷ്യ, ഇസ്രയേല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങുന്നത്. കരസേനയുടെ പാരാ കമാന്‍ഡോകള്‍ക്കായി ഫിന്നിഷ് നിര്‍മിത സാകോ പ്പര്‍ റൈഫിള്‍, സ്വീഡിഷ് നിര്‍മിത ഭാരം കുറഞ്ഞ റോക്കറ്റ് ലോഞ്ചറായ കാള്‍ ഗസ്താഫ് മാര്‍ക് 4, ഇറ്റാലിയന്‍ നിര്‍മിത സൈലന്‍സര്‍ ഘടിപ്പിച്ച ബെരെറ്റാ പിസ്റ്റള്‍ എന്നിവയാണ് വാങ്ങുക. 

നാവികസേനയുടെ മാര്‍ക്കോസ് കമാന്‍ഡോകള്‍ക്കായി റഷ്യന്‍ നിര്‍മിത സബ്സോണിക് സ്നൈപ്പര്‍ റൈഫിളുകള്‍, കാറ്റുനിറച്ച് ഉപയോഗിക്കാവുന്ന റബ്ബര്‍  നിര്‍മിത  ബോട്ടുകള്‍, സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാനുള്ള വിദൂര നിയന്ത്രിത അണ്ടര്‍ വാട്ടര്‍ സ്‌കൂട്ടറുകള്‍, പാരച്യുട്ടുകള്‍ തുടങ്ങിയവയാകും വാങ്ങുക. ഇതിന് പുറമെ പരമാവധി ആറുപേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന രണ്ട് ചെറുകിട അന്തര്‍വാഹിനികളും വാങ്ങിയേക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്. 

വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകള്‍ക്കായി 12 പുതിയ വിമാനങ്ങള്‍കൂടി വാങ്ങും. നിലവിലുള്ള 15 എണ്ണത്തിന് പുറമേയാണിത്. കൂടാതെ സ്‌നിപ്പര്‍ റൈഫിളുകള്‍, രാത്രികാഴ്ചകള്‍ക്ക് സഹായിക്കുന്ന തെര്‍മല്‍ സൈറ്റുകള്‍, പൂട്ടുകള്‍, തടവറകള്‍ എന്നിവ തകര്‍ക്കാനുള്ള ആയുധങ്ങള്‍ എന്നിവയും വാങ്ങും. കൂടാതെ 65 ചെറിയ ഡ്രോണുകളും വാങ്ങാനാണ് പദ്ധതി.

അതേസമയം സ്പെഷ്യല്‍ ഫോഴ്സുകളെ മുഴുവന്‍ ഒറ്റ കമാന്‍ഡിന് കീഴിലാക്കണമെന്ന നിര്‍ദ്ദേശം ഇനിയും പ്രാബല്യത്തിലായിട്ടില്ല. 2012 മുതല്‍ ഇത്തരം നിര്‍ദേശം പ്രതിരോധ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ബഹിരാകാശം, സൈബര്‍ മേഖലകളില്‍ നിന്നുള്ള പ്രതിരോധത്തിനും പ്രത്യേക വിഭാഗങ്ങള്‍ വേണമെന്ന ആവശ്യവും പരിഗണനയിലാണ്.

Content Highlights: Elite special forces, Army, IAF, Navy, major weapons upgrade