രേഖാചിത്രം: ഗിരീഷ് കുമാർ മാതൃഭൂമി
ചെന്നൈ: ആനയ്ക്ക് പാപ്പാനുമായുള്ള വൈകാരികബന്ധം വേര്‍പ്പെടുത്താനാവില്ല. സംരക്ഷിച്ചേ പറ്റൂ- മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലുള്ള ലളിത എന്ന പിടിയാന നിയമക്കുരുക്കില്‍ പെട്ടുവെങ്കിലും ഹൈക്കോടതി ജഡ്ജി രക്ഷക്കെത്തി.
ഷേഖ് മുഹമ്മദിന്റേതാണ് ആന. 2000 മെയ് മാസത്തില്‍ മറ്റൊരാളില്‍നിന്നു വാങ്ങിയതാണ്. പക്ഷെ ഇതുവരെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് വനം വകുപ്പ് നല്‍കിയിട്ടില്ല. ചില സാങ്കേതിക കാരണങ്ങളാല്‍ അത് ഫയലില്‍ കുരുങ്ങിക്കിടന്നു. എന്നാല്‍, ആനയ്ക്ക് മൈക്രോചിപ്പ് വനം വകുപ്പ് ഘടിപ്പിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ആന ഇപ്പോള്‍ അനധികൃതമായിട്ടാണ് ഷേഖ് മുഹമ്മദിന്റെ കൈവശമുള്ളതെന്നാരോപിച്ച് വകുപ്പ് നടപടി എടുത്തു. ആനയെ വകുപ്പ് കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു ഷേഖ് മുഹമ്മദിന്റെ ഹര്‍ജി.
വകുപ്പിന്റെ ഉത്തരവ് കോടതി ശരിവെച്ചുവെങ്കിലും ആനയെ പാപ്പാന്മാരില്നിന്നും അവരുടെ മേല്‍നോട്ടം വഹിക്കുന്ന സംരക്ഷകനില്നിന്നും വേര്‍പ്പെടുത്താന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. കാരണം ഈ മൂന്ന് വ്യക്തികളുമായി ആനയ്ക്ക് വൈകാരിക ബന്ധമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടതായി ജഡ്ജി ജി.ആര്.സ്വാമിനാഥന് പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി ഈ വ്യക്തികളുമായി ആന ബന്ധപ്പെട്ടിരിക്കുന്നു. വൈകാരികബന്ധം വേര്‍പ്പെടുത്തിയാല്‍ ആനയുടെ മനസ്സിന് മുറിവേല്ക്കും. അത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
Content Highlights: Elephants has emotional relation with humans- says, Madras High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..