മൈസൂരു: വേലികെട്ടി ആനയെ തടയാം എന്ന് വിചാരിച്ചോ? എങ്കില്‍ അത് വെറുതേയാണ്. ഇരുമ്പ് വേലി കൂളായി ചാടി കടക്കുന്ന ആനയുടെ വീഡിയോ തന്നെയാണ് അതിന് തെളിവ്. കര്‍ണാടകയില്‍ നിന്നുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. വാക്കുകളില്ലാത്തത് എന്ന അടിക്കുറുപ്പോടെ ഐഎഎസ് ഓഫീസറായ സുപ്രീയ സാഹുവാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കര്‍ണാടകയിലെ നാഗര്‍ഹോള കടുവ സങ്കേതത്തിൽ നിന്ന് പകര്‍ത്തിയതാണ് അനയുടെ ഈ ദൃശ്യങ്ങള്‍. വീരനഹൊള്ളി റേഞ്ചില്‍ നിന്നാണ് ഇത് പകര്‍ത്തിയതെന്ന് നാഗര്‍ഹോള ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ മഹേഷ് കുമാര്‍ പറഞ്ഞു. ഈമാസം 16ന് ഭക്ഷണം തേടി പുറത്ത് പോയതിന് ശേഷം ആന വനത്തിലേക്ക് മടങ്ങുമ്പോഴാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. 

ട്വിറ്ററില്‍ പങ്കുവെച്ച് ഒരു ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. ആനക്ക് വേലി ഇത്ര എളുപ്പത്തില്‍ ചാടിക്കടക്കാനാകുമോ എന്ന അത്ഭുതമാണ് കാഴ്ചക്കാരില്‍ പലരും പങ്കുവെച്ചത്. ഇത്തരത്തിലൊരു വീഡിയോ മുമ്പ് കണ്ടിട്ടില്ലെന്നും പലരും കുറിച്ചു. 

Content Highlights: Elephant Climbs Over Fence In Viral Video