Mamata Banerjee | Photo: PTI
കൊല്‍ക്കത്ത: സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മറികടന്ന് പുതിയ വൈദ്യുതി (ഭേദഗതി) ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ ഭേദഗതികളെ 'ജനവിരുദ്ധം' എന്നാണ് മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്.
വിഷയത്തില്‍ സുതാര്യവും വിശാലവുമായ ചര്‍ച്ചകള്‍ എത്രയും വേഗം നടത്തണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മൂലം പാസാക്കാന്‍ സാധിക്കാതിരുന്നതും മാറ്റിവെച്ചതുമാണ് ഭേദഗതിയെന്ന് മമത ബാനര്‍ജി കത്തില്‍ ചൂണ്ടിക്കാട്ടി. ബില്ലിലെ പ്രധാന പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച് 2020 ജൂണ്‍ 12 ല്‍ അയച്ച കത്തിനേക്കുറിച്ചും അവര്‍ പ്രധാനമന്ത്രി മോദിയെ ഓര്‍മ്മിപ്പിച്ചു.
2003 ലെ വൈദ്യുതി നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് വൈദ്യുതി (ഭേദഗതി) ബില്‍. വൈദ്യുതി മേഖലയിലെ സംസ്ഥാന-കേന്ദ്ര നിയന്ത്രണ അതോറിറ്റികള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളുമാണ് പുതിയ നിയമത്തിലുള്ളത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിനായി ഒരു പ്രത്യേക സെലക്ഷന്‍ പാനലെന്ന നിലവിലെ സംവിധാനത്തിന് പകരം, ഒരു ദേശീയ സെലക്ഷന്‍ കമ്മിറ്റിയെ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി നിയമം.
വൈദ്യുതി വില്‍പ്പന, വാങ്ങല്‍, കൈമാറ്റം എന്നിവയിലെ കരാറുകള്‍ വിലയിരുത്തുന്നതിന് ഒരു ഇലക്ട്രിസിറ്റി കോണ്‍ട്രാക്ട് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റി സ്ഥാപിക്കാനും ബില്‍ ശുപാര്‍ശ ചെയ്യുന്നു. സബ്‌സിഡികള്‍ നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ ലക്ഷ്യമിട്ട് 2013 ല്‍ ആരംഭിച്ച പദ്ധതിയായ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
Content Highlights: Electricity (Amendment) Bill is 'anti-people': Mamata Banerjee writes to PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..