അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക കൈമാറും; തരൂർ ഉള്‍പ്പെടെയുള്ള പരിഷ്കരണവാദികള്‍ക്ക് ആദ്യജയം


അനൂപ് ദാസ്\മാതൃഭൂമി ന്യൂസ്‌

Shashi Tharoor | Photo: PTI (Photo: PTI)

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയ്ക്ക് വേണ്ടിയുള്ള ശശി തരൂര്‍ എംപിയുടെ നിരന്തര ആവശ്യം ഒടുവില്‍ ഫലം കണ്ടു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവര്‍ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസുദന്‍ മിസ്ത്രി ശശി തരൂരിനെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഞ്ച് എംപിമാര്‍ കത്തയച്ചതിന് പിന്നാലെയാണ് നടപടി.

ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുള്‍ ഖലീഖ് എന്നിവരാണ് സെപ്റ്റംബര്‍ ആറിന് മധുസൂദന്‍ മിസ്ത്രിയ്ക്ക് കത്തയച്ചത്. ഇവരെ അഭിസംബോധന ചെയ്ത് മിസ്ത്രി എഴുതിയ മറുപടിക്കത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമായാണ് നടത്തുക എന്ന് വ്യക്തമാക്കുന്നു. മൂന്ന് കാര്യങ്ങളാണ് കത്തില്‍ പറയുന്നത്. ആഗ്രഹിക്കുന്ന ആര്‍ക്കും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി പത്രിക സമര്‍പ്പിക്കാം.

പത്രിക സ്വീകരിക്കാനായി പ്രത്യേക സംവിധാനമുണ്ട്. പത്ത് പേരുടെ പിന്തുണയാണ് ഇതിന് വേണ്ടത്. അവരവരുടെ സംസ്ഥാനത്തുനിന്ന് തന്നെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താന്‍ പിസിസി ഓഫീസുകളില്‍ വെച്ച് വോട്ടര്‍ പട്ടിക പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യു ആര്‍ കോഡ് ഉള്‍പ്പെടുത്തിയുള്ള വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യും. ഈ കാര്‍ഡ് ഉള്ളവര്‍ക്കാണ് മത്സരിക്കാനും സ്ഥാനാര്‍ത്ഥികളെ പിന്താങ്ങാനും കഴിയുക.

മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ പിന്തുണയ്ക്കുന്നവരെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിനും സൗകര്യമൊരുക്കും. സെപ്റ്റംബര്‍ 20 മുതല്‍ എ.ഐ.സി.സി. ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമിതി ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ വോട്ടര്‍ പട്ടിക ലഭ്യമാകും. സെപ്റ്റംബര്‍ 24-നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂര്‍ പ്രതികരിച്ചു. തരൂരിന്റെ അഭിപ്രായത്തെ കാര്‍ത്തി ചിദംബരം പിന്തുണയ്ക്കുകയും ചെയ്തു.

വോട്ടര്‍ പട്ടിക സംബന്ധിച്ച് പാര്‍ട്ടി നേതാക്കളില്‍ തന്നെ ഉയര്‍ന്ന സംശയം പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയായതാണ് ഹൈക്കമാന്റിനെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത്. പാര്‍ട്ടിയിലെ പരിഷ്‌കരണവാദികളുടെ ആദ്യ വിജയമായി ഈ തീരുമാനത്തെ കണക്കാക്കാം. രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശശി തരൂര്‍.

Content Highlights: sashi tharoor, aicc, congress presidential election, electoral rolls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022

Most Commented