ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വീണ്ടും നീട്ടിവെച്ചു. തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ജൂണ്‍ 23-ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭൂരിഭാഗം നേതാക്കളും ഇക്കാര്യത്തില്‍ അഭിപ്രായഭിന്നത അറിയിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് തീയതി നീട്ടിയത്. 

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പദവിയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി താല്കാലിക അധ്യക്ഷയായി തുടരുകയാണ്. 

ഇന്ന് നടന്ന വർക്കിങ് കമ്മിറ്റിയില്‍ കോവിഡ് സാഹചര്യങ്ങളും അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും കമ്മിറ്റി ചര്‍ച്ച ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു. തോല്‍വിക്ക് കാരണമായ വശങ്ങള്‍ പരിശോധിക്കാനും റിപ്പോര്‍ട്ട് നല്‍കുന്നതിനുമാ.ി ഒരു സമിതിയെ നിയോഗിക്കുമെന്നും യോഗത്തില്‍ സോണിയ അറിയിച്ചിരുന്നു.

Content Highlights:elections for the Congress president have been postponed again