ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക്‌. പുതിയ അധ്യക്ഷനെ 2022 സെപ്റ്റംബറില്‍ തിരഞ്ഞെടുക്കും. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഇതിനിടെ താന്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രസിഡന്റാണെന്ന് സോണിയ ഗാന്ധി അസന്ദിഗ്ധമായി യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയിലെ ജി-23 നേതാക്കളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സോണിയയുടെ വിശദീകരണം.

2021 ജൂണ്‍ 31-ന് മുമ്പ് സംഘടനാ തിരഞ്ഞടുപ്പ് പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാല്‍ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് മെയ് 10-ന് ചേര്‍ന്ന പ്രവര്‍ത്തക സമതി യോഗം സംഘടനാ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. ഇന്ന് അതിനുള്ള ഒരു വ്യക്തയുണ്ടാകും. ഒരു സമ്പൂര്‍ണ്ണ സംഘടനാ തിരഞ്ഞെടുപ്പിനുള്ള സമയക്രമം മുന്നിലുണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഈ പ്രക്രിയ വിശദമാക്കുമെന്നും സോണിയ പ്രസ്താവനയില്‍ അറിയിച്ചു.

സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ക്ക് യാതൊരു സംശയവുമില്ലെന്നും എല്ലാവര്‍ക്കും സ്വീകാര്യയാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ ഗുലാം നബി ആസാദ് പറഞ്ഞു. ജി-23 നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്.