ന്യൂഡല്‍ഹി: 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവച്ചു. 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശില്‍നിന്നും ഗുജറാത്തില്‍നിന്നും ഒഴിവു വരുന്ന നാലുവീതം സീറ്റുകളിലേക്കും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്നുവീതം സീറ്റുകളിലേക്കും, ജാര്‍ഖണ്ഡില്‍ നിന്നുള്ള രണ്ട് സീറ്റിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്. 

ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Content Highlights: Elections for 18 Rajya Sabha seats to be held on June 19