ന്യൂഡല്‍ഹി:  ഇലക്ഷന്‍ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇനി സജീവ രാഷ് ട്രീയത്തില്‍. 2014 ലില്‍ മോദിയെയും 2015 ലില്‍ ബിഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശാന്ത് കിഷോര്‍ നിതീഷിനൊപ്പം ജെഡിയുവിന്റെ കൊടിക്കീഴിലാണ് രാഷ് ട്രീയക്കളരിയില്‍ പയറ്റാനിറങ്ങുന്നത്.

ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഭ്യൂഹത്തിന് സ്ഥിരീകരണം നല്‍കിക്കൊണ്ട്‌ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനാണ് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്'.

കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) ആന്ധ്രയില്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഹൈദരബാദില്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്ന ജോലി വിടുകയാണെന്നും ഇനി രാഷ് ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.