കൊല്‍ക്കത്ത: ഭബാനിപുര്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രെവാളിന് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ദിവസം മാതൃകാ പെരുമാറ്റച്ചട്ടവും കോവിഡ് പ്രോട്ടോക്കോളുകളും ലംഘിച്ചെന്ന പരാതിയിലാണ് നോട്ടീസ്.

പ്രിയങ്ക ടിബ്രെവാളിന്‍റെ ഇനിയുള്ള റാലികള്‍ക്ക് അനുമതി നിഷേധിക്കാതിരിക്കുന്നതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് മറുപടി നല്‍കാന്‍ നോട്ടീസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍  ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രിയങ്ക ടിബ്രെവാള്‍ തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഭബാനിപുര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരെയാണ് അവര്‍ മത്സരിക്കുന്നത്. മമത ബാനര്‍ജിക്ക് ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്. പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടി വരുമെന്നതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനാകും വരുന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം വേദിയാകുക. 

'ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നന്ദിഗ്രാമില്‍ സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഭബാനിപൂരിലെ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്.  പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് ഇത് അനീതിക്കെതിരായ പോരാട്ടമാണ്... ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്.  ഭബാനിപൂര്‍ നിവാസികള്‍ക്ക് ഒരു വലിയ അവസരം ലഭിച്ചിരിക്കുകയാണ്. നിങ്ങള്‍ മുന്നോട്ടുവന്ന് ചരിത്രം സൃഷ്ടിക്കണം', നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രിയങ്ക പറഞ്ഞു.

മമത ബാനര്‍ജിയുടെ പഴയ കോട്ടയാണ് ഭബാനിപുര്‍.  2011 ലും 2016 ലും രണ്ടുതവണ വന്‍ ഭൂരിപക്ഷത്തില്‍ അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, മമത ബാനര്‍ജി തന്റെ കോട്ടയായ ഭബാനിപുര്‍ മണ്ഡലത്തില്‍നിന്ന് മാറി നന്ദിഗ്രാമില്‍ മത്സരിക്കുകയായിരുന്നു. ബിജെപിയിലേക്ക് ചുവടുമാറിയ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ഇവിടെ മത്സരിച്ചത്. സെപ്റ്റംബര്‍ 30നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാന നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമല്ലാത്ത ഒരാള്‍ക്ക് ആറ് മാസം മാത്രമാണ് തിരഞ്ഞെടുക്കപ്പെടാതെ മന്ത്രിസ്ഥാനത്ത് തുടരാന്‍ ഭരണഘടന അനുവദിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ നവംബര്‍ 5നകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത് മമതയ്ക്ക് അത്യാവശ്യമാണ്.

നേരത്തെ മമതയ്‌ക്കെതിരെ ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മമതാ ബാനര്‍ജി നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കിയത്. അഞ്ച് ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ആരോപണം. കേസുമായി ബന്ധപ്പെട്ട് ബിജെപി സുപ്രീം കോടതിയുടെ രണ്ട് വിധികളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content highlights: Election commission sends notice to priyanka tabrewal who contest against mamata banerjee