ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. നിലവില്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാര്‍ക്ക് പ്രവര്‍ത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ല. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം. 

അതേസമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കാനാവില്ല. എന്നാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ കോവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കാനാവുമെന്നും കമ്മീഷൻ അറിയിച്ചു. 

സംസ്ഥാനത്തിന്റെ നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാററച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 

വിഷത്തില്‍ പ്രതിപക്ഷത്തോട് അഭിപ്രായമാരാഞ്ഞെങ്കിലും നിര്‍ദേശത്തോട് പ്രതിപക്ഷം യോജിക്കുന്നില്ല. കോവിഡ് വ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുമുണ്ടാകും. അങ്ങനെയെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയും ചെയ്യാം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Content Highlights: Election Commission on by election protocol in Kerala