ന്യൂഡല്‍ഹി:  തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതി. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ 12 അക്ക ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1950 ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കള്ളവോട്ട് തടയാനും ഇരട്ട വോട്ട് തടയാനും നടപടി ഉപകരിക്കുമെന്ന് കമ്മീഷന്‍ പറയുന്നു. എന്നാല്‍ തിരച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമല്ലെന്ന നിലപാടായിരുന്നു കമ്മീഷന്‍ മുമ്പ്. 2016 ല്‍ എ.കെ. ജോതി തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റതിന് ശേഷമാണ് ഈ നിലപാടില്‍ മാറ്റമുണ്ടായത്. നിലവില്‍ 32 കോടിയോളം ആളുകള്‍ ആധാറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടുണ്ട്. 

ആധാര്‍ ഉപയോഗിച്ച് 2015 ല്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനായി കമ്മീഷന്‍ പദ്ധതി കൊണ്ടുവന്നെങ്കിലും അത് സുപ്രീം കോടതി തടഞ്ഞിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ സുതാര്യതയ്ക്കല്ലാതെ മറ്റ് ഒരുകാര്യത്തിലും ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി  2015 ല്‍ ഉത്തരവിട്ടിരുന്നു. 

 

 

Content Highlights: Election Commission say that seeding voter cards with Aadhaar will reduce duplicate entries and bogus voters.