ന്യൂഡല്‍ഹി:  പെരുമാറ്റച്ചട്ടലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനത്തോടുള്ള വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 

വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായമാണ് തീരുമാനമാവുകയെന്നും അത് കീഴ്‌വഴക്കമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ലവാസയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. 

വിയോജനക്കുറിപ്പ് രേഖാമൂലം പരസ്യപ്പെടുത്തണമെന്നായിരുന്നു ലവാസയുടെ ആവശ്യം. പെരുമാറ്റച്ചട്ടലംഘനം അര്‍ധ ജുഡീഷ്യല്‍ വിഷയമല്ല. അതില്‍ ഭൂരിപക്ഷ തീരുമാനമാണ് നടപ്പാക്കപ്പെടുക. വിയോജിപ്പുകള്‍ പരസ്യപ്പെടുത്തുന്ന കീഴ്‌വഴ്ക്കമില്ലെന്ന നിലപാട് യോഗത്തില്‍ പങ്കെടുത്തവര്‍ അംഗീകരിച്ചു. 

വിയോജിപ്പുകള്‍ രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലവാസ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ഈ തത്വങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബാധകമാണ്. നിരവധി തവണ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചിരുന്നു. സുപ്രീം കോടതി ഇടപെടലിനു ശേഷമാണ് തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായതെന്നും ലവാസ ചൂണ്ടിക്കാട്ടി.

content highlights: Code of conduct violation, ashok lavasa, election commission