ന്യൂഡല്‍ഹി: 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന യു.എസ് ഹാക്കറുടെ അവകാശവാദത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണം വെറും കൈയടിക്ക് വേണ്ടിയുള്ളതാണെന്നും ഉന്നയിച്ച ഹാക്കര്‍ക്കെതിരെ നിമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി
ഏതെങ്കിലും തരത്തിലുള്ള വയര്‍ലെസ്സ് കമ്മ്യൂണിക്കേഷനിലൂടെ ഒരുതരത്തിലുള്ള ഡാറ്റയും കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ കഴിയാത്ത ഇത്തരം യന്ത്രങ്ങള്‍ ഹാക്കിങ് നടത്താന്‍ കഴിയാത്തതാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി അംഗമായ ഡോ. രജത് മൂണ വ്യക്തമാക്കി. കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. റഫാലിന് ശേഷമുള്ള മറ്റൊരു വലിയ നുണയാണ് ഇതെന്നായിരുന്നു ജെറ്റ്‌ലിയുടെ പ്രതികരണം.
ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം വിശദീകരിച്ച് യുഎസ് ഹാക്കര്‍ സയിദ് ഷുജയുടെ വെളിപ്പെടുത്തലുണ്ടായത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
2014ല്‍ വാഹനാപകടത്തില്‍ മരിച്ച മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളിതിനാലാണെന്നും യുഎസ് ഹാക്കര്‍ ആരോപിച്ചു.
content highlights: Election Commission, electronic voting machine, hacker