ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുവാരൂര്‍ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണര്‍ റദ്ദ് ചെയ്തു. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസപ്രവര്‍ത്തനത്തിലാണ് പ്രദേശം എന്നത് കണക്കിലെടുത്താണ് ജനുവരി 28  ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. 

ഓഗസ്റ്റില്‍ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ മരണത്തെ തുടര്‍ന്നാണ് തിരുവാരൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായത്. തിരുവാരൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടികളും അസാധുവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. 

പ്രദേശത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. തിരുവാരൂരില്‍ ഇപ്പോഴാവശ്യം തിരഞ്ഞെടുപ്പല്ലെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണെന്നും  തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍ പറഞ്ഞു. 

ഡിഎംകെയും എഐഎഡിഎംകെയും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളേക്കാള്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കാണ് ഈ കക്ഷികള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് തമിളിസൈ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഡിഎംകെ  സ്ഥാനാര്‍ഥിയെ സഹായിക്കാനാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്നും തമിളിസൈ ആരോപിച്ചിരുന്നു. 

 

Content Highlights: Election Commission cancels bypoll in Tamil Nadu’s Tiruvarur,DMK, AIADMK