ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. മേയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. റിട്ടേണിങ് ഓഫീസറില്‍ നിന്ന് തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ വിജയിച്ച സ്ഥാനാര്‍ഥിയെയോ അവരുടെ പ്രതിനിധിയെയോ അനുഗമിക്കാന്‍ രണ്ടില്‍ കൂടുതല്‍ പേരെ അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

രാജ്യത്തെ കോവിഡ് രണ്ടാംതരംഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

content highlights: Election Commission Bans Victory Processions Over Poll Results