കോയമ്പത്തൂര്‍: ആരോഗ്യം അനുവദിക്കാതിരുന്നിട്ടും ചില്ലറ ജോലികള്‍ ചെയ്ത് ചെറിയ സമ്പാദ്യം ഒരുക്കിയപ്പോള്‍ അവര്‍ അധികമൊന്നും ആഗ്രഹിച്ചിരുന്നില്ല. കിടപ്പിലായാല്‍ ബന്ധുക്കളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാതിരിക്കുക, ഇനി മരണമാണ് വിധിച്ചതെങ്കില്‍ അവിടെയും ആര്‍ക്കും ഭാരമാകാതെ മരണാനന്തര ക്രിയകള്‍ക്ക് പണം ഉപയോഗിക്കാം. അത്രയെ തമിഴ്‌നാട്ടിലെ വൃദ്ധ സഹോദരിമാരായ തങ്കമ്മാളും രംഗമ്മാളും കരുതിയിരുന്നുള്ളു. എന്നാല്‍ വാര്‍ധക്യത്തിന്റെ അവശതയിലും സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് കടലാസിന്റെ വിലപോലും ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇവരെ ഞെട്ടിച്ചത്. 

ഇരുവരും സൂക്ഷിച്ചുവച്ചിരുന്നത് കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് അസാധുവാക്കിയ 1000, 500 നോട്ടുകളായിരുന്നു. പത്ത് വര്‍ഷത്തോളം ചെറുകിട ജോലികള്‍ ചെയ്ത് ലഭിച്ച പണം തങ്ങളുടെ ചികിത്സക്കും മരണാനന്തര ചടങ്ങുകള്‍ക്കും വേണ്ടിയാണ് ഇവര്‍ സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. 

78-കാരിയാ തങ്കമ്മാളും 75-കാരിയായ രംഗമ്മാളും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് സര്‍ക്കാര്‍ നിരോധിച്ച 1000ന്റെയും 500 ന്റേയും നോട്ടുകളായി 46,000 രൂപയാണ് ഇവരുടെ പക്കല്‍ നിന്ന് ബന്ധുക്കള്‍ കണ്ടെടുത്തത്.

നോട്ടുകള്‍ നിരോധിച്ച കാര്യമൊന്നും ഇവര്‍ക്കറിയില്ലായിരുന്നു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ വീട്ടിലെത്തിയ ബന്ധുക്കളോടാണ് ഇത്തരത്തില്‍ പണം സൂക്ഷിച്ച കാര്യം പറയുന്നത്. തങ്ങളുടെ ചികിത്സക്കും മരിച്ച് കഴിഞ്ഞാല്‍ സംസ്‌കാര ചടങ്ങിനും മറ്റുമായിട്ടാണ് ഈ പണം സൂക്ഷിച്ചിരിക്കുന്നതെന്നും ഇവര്‍ ബന്ധുക്കളോട് പറഞ്ഞു.

തങ്കമ്മാള്‍ 22,000 രൂപയും രംഗമ്മാള്‍ 24,000 രൂപയുമാണ് സൂക്ഷിച്ച് വെച്ചിരുന്നത്. നേരത്തെ ചെറുകിട ജോലികള്‍ ചെയ്തപ്പോള്‍ ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്വരൂപിച്ച് വെച്ചതാണ് ഈ പണം.

Content Highlights: Elderly Sisters Stunned to Discover Rs 46,000 of Their Savings for funeral and treatment are Now Banned N