-
ഭുവനേശ്വര്‍: പെന്‍ഷന്‍ തുക വാങ്ങുന്നതിന് 120 വയസ്സുള്ള മാതാവിനെ കട്ടിലോടെ വലിച്ചുകൊണ്ടു പോകുന്ന 70 കാരിയായായ മകളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒഡീഷയിലെ നൗപഡ ജില്ലയിലാണ് സംഭവം.
അമ്മ നേരിട്ടെത്തിയാല്‍ മാത്രമേ പെന്‍ഷന്‍ തുക നല്‍കൂ എന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് 70 വയസ്സുള്ള ലാബേ ബാഗല്‍ തന്റെ 120 വയസ്സുള്ള അമ്മയെ കിടക്കുന്ന കട്ടിലോടെ വലിച്ചുകൊണ്ടു പോകേണ്ടിവന്നത്. ബരാഗാന്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമ്മയുടെ പേരില്‍ ബാങ്കിലുള്ള പെന്‍ഷന്‍ തുകയായ 1500 രൂപ പിന്‍വലിക്കുന്നതിന് ബാങ്കിലെത്തിയ ലാബേ ബാഗലിനോട് അമ്മ നേരിട്ടെത്താതെ പണം പിന്‍വലിക്കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഇതിനായി അമ്മയെ ബാങ്കില്‍ എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
120 വയസ്സുള്ള അമ്മയ്ക്ക് ബാങ്കിലെത്താനാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. വൃദ്ധയായ ലാബേ ബാഗലിന് അമ്മയെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് അമ്മ കിടന്നിരുന്ന കട്ടില്‍ റോഡിലൂടെ വലിച്ചുകൊണ്ടു പോയത്.
കഴിഞ്ഞ മൂന്നു മാസമായി പെന്‍ഷന്റെ പേരില്‍ ബാങ്ക് അധികൃതര്‍ ഇവരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് സ്ഥലം എംഎല്‍എ അധിരാജ് പാണിഗ്രാഹി പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടതായും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാങ്ക് അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രായാധിക്യമുള്ളവരുടെ വീടുകളിലെത്തി ഇടപാടുകള്‍ നടത്തിക്കൊടുക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ഒഡീഷ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: Elderly daughter carries 120-year-old mother on cot to bank for pension
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..