ന്യൂഡല്‍ഹി:  സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാര്‍ മാപ്പു പറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാത്തതിനാല്‍ നടപടി പുനഃപരിശോധിക്കാന്‍ സാധിക്കില്ലെന്ന രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയ്‌ക്കെതിരെ എളമരം കരീം എം.പി. 

തെറ്റ് ചെയ്തവരാണ് ക്ഷമ ചോദിക്കേണ്ടത്. അത് ചെയ്തത് സര്‍ക്കാരാണ്. ബി.ജെ.പി. സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ ശബ്ദമുയര്‍ത്തുകയാണ് ഞങ്ങള്‍ ചെയ്തത്. അതിന്റെ പേരില്‍ പുറത്താക്കപ്പെട്ടാല്‍, പുറത്തുനിന്നുകൊണ്ട് അഭിമാനത്തോടെ സമരം തുടരും. തീര്‍ത്തും രാഷ്ട്രീയപ്രേരിതമായ ഈ നടപടിയെ ഞങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടും- എളമരം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

സഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എം.പി.മാരെയാണ് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. 

എളമരം കരീമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ല എന്നും അതിനാല്‍ പുറത്താക്കല്‍ നടപടി പുനഃപരിശോധിക്കാന്‍ സാധിക്കില്ല എന്നും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഇന്ന് സഭയില്‍ പറയുന്നത് കേട്ടു. തെറ്റ് ചെയ്തവരാണ് ക്ഷമ ചോദിക്കേണ്ടത്. അത് ചെയ്തത് സര്‍ക്കാരാണ്. ബിജെപി സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യ ധ്വംസനതിനെതിരെ ശബ്ദമുയര്‍ത്തുകയാണ് ഞങ്ങള്‍ ഞങ്ങള്‍ ചെയ്തത്. അതിന്റെപേരില്‍ പുറത്താക്കപ്പെട്ടാല്‍ പുറത്തുനിന്നുകൊണ്ട് അഭിമാനത്തോടെ സമരം തുടരും. തീര്‍ത്തും രാഷ്ട്രീയപ്രേരിതമായ ഈ നടപടിയെ ഞങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടും.
(എളമരം കരീം)

എളമരം കരീം, സി.പി.ഐ. രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് ശീതകാലസമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളില്‍ വിലക്ക്. കോണ്‍ഗ്രസില്‍നിന്ന് ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസിലും ശിവസേനയിലുംനിന്ന് രണ്ടുപേര്‍ വീതവും സസ്പെന്‍ഷനിലായി.

content highlights: elamaram kareem on suspension of mp's from rajyasabha