ഏക്നാഥ് ഷിന്ദേ, ദേവേന്ദ്ര ഫട്നാവിസ് | Photo: ANI
മുംബൈ: ഏക്നാഥ് ഷിന്ദേയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അപ്രതീക്ഷിത ക്ലൈമാക്സ്.
രാഷ്ട്രീയ പ്രതിസന്ധിയിലായ ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാല്‍ ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിന്ദേ ഉപമുഖ്യമന്ത്രിയും ആകുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.വിമത ശിവസേന നേതാക്കളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി വരുമ്പോഴും ഒരു ഘട്ടത്തിലും ഷിന്ദേയെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനകളുണ്ടായിരുന്നില്ല.ഉദ്ധവ് താക്കറെ രാജിവെച്ച ശേഷം ബിജെപി നേതാക്കളുടെ പ്രതികരണങ്ങളും ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന തരത്തിലായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിന്ദേയും ഫഡ്നാവിസും ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത് വരെ ഫഡ്നാവിസ് ആ സസ്പെന്‍സ് നിലനിര്‍ത്തി.
സര്‍ക്കാരിന്റെ ഭാഗമാവില്ലെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുറത്തുനിന്ന് നിരീക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാനം നടത്തിക്കൊണ്ട് ഫഡ്നാവിസ് പറഞ്ഞത്. ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വികസനം ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോവും. ഒബിസി സംവരണം, മറാത്ത സംവരണം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഞങ്ങള്‍ തീരുമാനമുണ്ടാക്കും. ഈ സര്‍ക്കാര്‍ അത് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പ്രഖ്യാനം നടത്തിക്കൊണ്ട് ഫഡ്നാവിസ് പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയാക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് താന്‍ നേരിട്ടും ദേശീയ നേതൃത്വവും ഫഡ്നാവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം 7.30ന് ഏക്നാഥ് ഷിന്ദേയുടെ സത്യപ്രതിജ്ഞ നടക്കും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടക്കുന്നത്. മറ്റ് മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. ശിവസേന വിമത എംഎല്‍എമാരില്‍ നിന്നും ബിജെപിയില്‍ നിന്നും പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എംഎല്‍എമാരില്‍ നിന്നുമാണ് മന്ത്രിമാരെ തിരഞ്ഞെടുക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..